പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാമിന്റെ സിഇഓ പവൽ ദുരോവ് റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ വാട്സാപ്പിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് ഭാഗികമായി ഓഹരി പങ്കാളിത്തമുള്ള റിലയൻസ് ഗ്രൂപ്പ്, ഇന്ത്യയിൽ ടെലഗ്രാം നിരോധിക്കുന്നതിനായി ലോബിയിങ് നടത്തുന്നുണ്ടെന്നാണ് ദുരോവ് ആരോപിച്ചത്. കൂടാതെ, ‘ബിജിപി ഹൈജാക്കിങ്’ (BGP hijacking) എന്ന തെറ്റായ മാർഗ്ഗത്തിലൂടെ യുഎഇ ഉൾപ്പെടെയുള്ള ഇന്ത്യയ്ക്ക് പുറത്തുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ടെലഗ്രാം ലഭ്യമാകുന്നത് റിലയൻസ് മനഃപൂർവ്വം തടസ്സപ്പെടുത്തുകയാണെന്നും ദുരോവ് കുറ്റപ്പെടുത്തി. ആഗോള ഇൻ്റർനെറ്റ് റൂട്ടിംഗിലെ ഇത്തരം ദുരുപയോഗങ്ങൾ ആശങ്കാജനകമാണെന്നും വിപണിയിലെ മത്സരത്തിന്റെ ഭാഗമായാണ് റിലയൻസ് ഈ അട്ടിമറി നടത്തുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

Telegram vs Reliance Jio

അതേസമയം, ഈ ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി റിലയൻസ് ജിയോ ഔദ്യോഗിക വിശദീകരണം നൽകി. ഇൻ്റർനെറ്റ് റൂട്ടിംഗ് തടസ്സപ്പെടുത്തിയ സംഭവത്തിൽ കമ്പനിക്ക് യാതൊരു പങ്കുമില്ലെന്നും, ആഗോളതലത്തിലെ മികച്ച സുരക്ഷാ മാനദണ്ഡങ്ങളും സുതാര്യതയും പാലിച്ചാണ് ജിയോ നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) ഡിജിറ്റൽ വിഭാഗമായ ജിയോയിലാണ് മെറ്റയ്ക്ക് ചെറിയ ഓഹരിയുള്ളത്, എന്നാൽ സമുദ്രത്തിനടിയിലെ കേബിളുകൾ നിയന്ത്രിക്കുന്നത് റിലയൻസ് കമ്മ്യൂണിക്കേഷൻസ് എന്ന മറ്റൊരു ഗ്രൂപ്പാണ്. ടെലഗ്രാം മേധാവി റിലയൻസ് ഇൻഡസ്ട്രീസിനെയും റിലയൻസ് കമ്മ്യൂണിക്കേഷൻസിനെയും മാറി മനസ്സിലാക്കിയതാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് കാരണമെന്ന് ടെലികോം രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

Telegram CEO Pavel Durov accuses Reliance of lobbying for a ban and executing BGP hijacking. Reliance Jio completely rejects the allegations as baseless.

Share.
Leave A Reply

Exit mobile version