വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യകതകളും വിനോദസഞ്ചാര-കയറ്റുമതി മേഖലകളുടെ വൻ സാധ്യതകളും മുൻനിർത്തി കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാൻ സംസ്ഥാനത്തിന്റെ പുതുക്കിയ ബജറ്റിൽ വൻ പ്രഖ്യാപനം. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഈ വികസന പദ്ധതികൾ നടപ്പിലാക്കുക. പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ ബജറ്റിൽ വകയിരുത്തി.

വ്യോമയാന മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഉടൻ തന്നെ പുതിയ വ്യോമയാന നയം (Aviation Policy) പ്രഖ്യാപിക്കും. വിമാനങ്ങളുടെ അറ്റകുറ്റപ്പണി-പരിപാലന രംഗം (MRO) ശക്തിപ്പെടുത്തുന്നതിനൊപ്പം, സിമുലേറ്റർ അധിഷ്ഠിത പൈലറ്റ് പരിശീലന കേന്ദ്രങ്ങളും DGCA മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗ് പരിശീലന സംവിധാനങ്ങളും സംസ്ഥാനത്ത് ആരംഭിക്കും.
എയ്റോപാർക്കും എയ്റോസിറ്റിയും
വിമാനത്താവളങ്ങളോട് അനുബന്ധിച്ച് വലിയ സാമ്പത്തിക മേഖലകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ‘എയ്റോപാർക്ക്’, ‘എയ്റോസിറ്റി’ പദ്ധതികൾ നടപ്പിലാക്കും. വിവരസാങ്കേതികവിദ്യ (IT/ITES), ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC), ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാരങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരും. കൂടാതെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് (CIAL) അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്ററും സ്ഥാപിക്കും.
കയറ്റുമതി ഉത്തേജനം
സംസ്ഥാനത്തുനിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ, മത്സ്യം, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി വിമാനത്താവളങ്ങളിൽ സംയോജിത പാക്ക് ഹൗസ് (Pack House) സൗകര്യങ്ങളും പ്രത്യേക ഫാർമ-കാർഗോ സംവിധാനങ്ങളും വികസിപ്പിക്കും. ലോജിസ്റ്റിക്സ് പാർക്കുകൾ, ഫ്രീ ട്രേഡ് വെയർഹൗസ് സോണുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ആവിഷ്കരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
Kerala Budget allocates ₹200 crore to turn the state into an aviation hub with a new Aviation Policy, Aero-Cities, MRO facilities, and a global convention centre at CIAL
