അടിസ്ഥാന യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പരസ്പരം ബന്ധിപ്പിക്കുന്ന അത്യാധുനിക ലോജിസ്റ്റിക്സ് ശൃംഖലയായി ഇന്ത്യൻ റോഡുകൾ മാറിക്കഴിഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്. രാജ്യത്തെ ചരക്കുനീക്കത്തിന്റെ 64 ശതമാനവും യാത്രാഗതാഗതത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഉപരിതല ഗതാഗത മന്ത്രാലയത്തിന് (MoRTH) കീഴിലുള്ള ഈ വിപുലമായ റോഡ് ശൃംഖലയാണ്.

വാഹനങ്ങൾക്ക് അമിത പ്രാധാന്യം നൽകി റോഡുകൾ രൂപകൽപ്പന ചെയ്യുന്ന നിലവിലെ രീതിക്കെതിരെ അടുത്തിടെ സുപ്രീം കോടതി നടത്തിയ സുപ്രധാന നിരീക്ഷണം ഈ മേഖലയെ വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. സുരക്ഷിതമായി നടപ്പാതകളിലൂടെ സഞ്ചരിക്കാനുള്ള അവകാശം ഒരു പൗരന്റെ മൗലികാവകാശമാണെന്നും അത് വാഹനങ്ങളുടെ മുൻഗണനയേക്കാൾ മുകളിലാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യൻ റോഡ് ശൃംഖലയുടെ പരിണാമവും അത് നേരിടുന്ന വെല്ലുവിളികളും പരിശോധിക്കപ്പെടേണ്ടതുണ്ട്
ഇന്ത്യൻ റോഡുകളുടെ വികസനത്തെ പ്രധാനമായും മൂന്ന് ഘട്ടങ്ങളായിരുന്നു. ഓരോ 100 ചതുരശ്ര കിലോമീറ്ററിലും നിശ്ചിത റോഡ് സാന്ദ്രത കൈവരിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. സ്വാതന്ത്യം കിട്ടിയശേഷം മുതൽ 90-കളുടെ അവസാനം വരെയുള്ള കാലത്ത് റോഡുകളെ ദേശീയപാത, സംസ്ഥാനപാത, ജില്ലാ റോഡുകൾ, ഗ്രാമീണ റോഡുകൾ എന്നിങ്ങനെ തരംതിരിച്ചെങ്കിലും, ഈ കാലഘട്ടത്തിലെ ശൃംഖലയ്ക്ക് പരിമിതമായ ശേഷിയേ ഉണ്ടായിരുന്നുള്ളൂ.
സാമ്പത്തിക ഉദാരവൽക്കരണത്തിനു ശേഷം രാജ്യത്തുണ്ടായ വളർച്ചയാണ് 2000-ത്തിന്റെ തുടക്കം മുതൽ 2015 വരെയുള്ള കാലഘട്ടം. ഈ ഘട്ടത്തിന് കാരണമായത് കണക്റ്റിവിറ്റി കൂട്ടണമെന്ന ലക്ഷ്യമായിരുന്നു. 1998-ൽ ആരംഭിച്ച ‘നാഷണൽ ഹൈവേ ഡെവലപ്‌മെന്റ് പ്രൊജക്റ്റ്’ (NHDP) വഴി സുവർണ്ണ ചതുഷ്‌കോണ പാതയും (Golden Quadrilateral), വടക്ക്-തെക്ക്, കിഴക്ക്-പടിഞ്ഞാറ് കോറിഡോറുകളും നിർമ്മിച്ച് ഇന്ത്യയിലെ അതിവേഗ പാതകൾക്ക് അടിത്തറയിട്ടു.
ദേശീയപാതാ വികസനത്തിന്റെ പിന്നാടുള്ള ഘട്ടങ്ങളെ ‘ഭാരത്മാല പരിയോജന’ പദ്ധതിയിൽ ലയിപ്പിച്ചുകൊണ്ടാണ് പുതിയ യുഗം ആരംഭിക്കുന്നത്. 550 ജില്ലാ ആസ്ഥാനങ്ങളെ 4-വരി കോറിഡോറുകളിലൂടെ ബന്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 2021 ഒക്ടോബറിൽ ആരംഭിച്ച ‘പിഎം ഗതിശക്തി’ (PM GatiShakti) പദ്ധതിയുമായി ഇതിനെ സംയോജിപ്പിച്ചു. നഗരങ്ങളിലെ തിരക്കുകൾ ഒഴിവാക്കി, വേഗതയേറിയ ചരക്കുനീക്കം സാധ്യമാക്കുന്ന ‘ഗ്രീൻഫീൽഡ് കോറിഡോറുകൾക്ക്’ ഈ ഘട്ടത്തിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്.
മുമ്പ് വികസനം നടക്കാത്ത പുതിയ ഭൂമിയിലൂടെ തികച്ചും പുതിയൊരു പാത നിർമ്മിക്കുന്ന രീതിയാണ് ഗ്രീൻഫീൽഡ് വികസനം. നഗരങ്ങളിലെ തിരക്കുകൾ പൂർണ്ണമായും ഒഴിവാക്കാൻ ഇവ സഹായിക്കുന്നു. വളവുകൾ പരമാവധി കുറച്ച്, മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ പാകത്തിലാണ് ഇവ രൂപകൽപ്പന ചെയ്യുന്നത്. പുതിയ വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ എന്നിവയ്ക്ക് ഇവ വഴിയൊരുക്കുന്നു.
ഇത്രയും വലിയൊരു ഗതാഗത ശൃംഖല സാമ്പത്തികമായി ലാഭകരവും, പരിസ്ഥിതി സൗഹൃദവും, ഒപ്പം സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതുമാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഗ്രീൻഫീൽഡ് എക്സ്പ്രസ് വേകൾ വലിയ നേട്ടങ്ങൾ തരുമ്പോഴും, വൻതോതിലുള്ള ഭൂമി ഏറ്റെടുക്കൽ, വനനശീകരണം, പരിസ്ഥിതി അനുമതികൾ നേടുന്നതിലെ താമസം, നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ എന്നിവ ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഒപ്പം, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള സുസ്ഥിര വികസന മാതൃകകൾ നടപ്പിലാക്കേണ്ടതും അനിവാര്യമാണ്.
Discover how India built the world’s second-largest road network through landmark initiatives like Bharatmala Pariyojana, PM GatiShakti, and Greenfield Expressways.