പ്രതിസന്ധിയിലായ എഡ്‌ടെക് കമ്പനി ബൈജൂസിന്റെ (Byju’s) ആഗോള വായ്പാദാതാക്കൾ, കമ്പനിയുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ബൈജൂസിന്റെ ഉപകമ്പനിയായ ‘ആകാശ് എജ്യുക്കേഷണൽ സർവീസസി’ന്റെ (Aakash) 30 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള ഗ്ലാസ് ട്രസ്റ്റ് നയിക്കുന്ന വായ്പാദാതാക്കളുടെ സംഘവുമായി ധാരണയിലെത്തിയാൽ, സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെയുള്ള എല്ലാ നിയമനടപടികളും ഇവർ പിൻവലിക്കും. 2024-ൽ ബൈജൂസ് ഇന്ത്യയിൽ പാപ്പരത്ത ഹർജി ഫയൽ ചെയ്തതിന് പിന്നാലെ, 1 ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടവ് ആവശ്യപ്പെട്ടും ബൈജു രവീന്ദ്രനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചും വായ്പാദാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യ, യുഎസ്, സിംഗപ്പൂർ കോടതികളിലായി നീളുന്ന ഈ നിയമയുദ്ധം അവസാനിപ്പിക്കാനാണ് ഇപ്പോൾ അണിയറയിൽ ഊർജ്ജിത നീക്കം നടക്കുന്നത്.

ഏകദേശം 2 ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന ഈ പുതിയ ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം കേസ് കക്ഷികളെല്ലാം പരസ്പര സമ്മതത്തോടെ കേസുകൾ പിൻവലിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലുടനീളം മുന്നൂറിലധികം കോച്ചിംഗ് സെന്ററുകളുള്ള ആകാശിനെ 2021-ൽ 1 ബില്യൺ ഡോളറിനാണ് ബൈജൂസ് സ്വന്തമാക്കിയതെങ്കിലും പിന്നീട് മണിപ്പാൽ ഹെൽത്ത് വലിയ ഓഹരികൾ സ്വന്തമാക്കിയതോടെ ബൈജൂസിന്റെ പങ്കാളിത്തം കുറഞ്ഞിരുന്നു. കോവിഡ് കാലത്തെ വൻ വളർച്ചയ്ക്ക് ശേഷം 2023 മുതൽ ആഗോള വായ്പാദാതാക്കളുമായി തുടങ്ങിയ തർക്കങ്ങളാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ബിസിനസ്സ് സാമ്രാജ്യത്തെ തകർച്ചയിലേക്ക് നയിച്ചത്. നിലവിലെ നിയമനടപടികൾ ചൂണ്ടിക്കാട്ടി ബൈജു രവീന്ദ്രനോ ബന്ധപ്പെട്ട കമ്പനികളോ ഈ ഒത്തുതീർപ്പ് വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Byju’s global lenders led by GLAS Trust negotiate a 30% stake in Aakash Educational Services to drop all legal actions against founder Byju Raveendran.
