കൊച്ചിയിലെ പ്രധാന ജലാശയങ്ങളിൽ മലിനീകരണം അതീവ ഗുരുതരമായ അളവിലാണെന്ന് ജെയിൻ ഡീംഡ് സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷൻ (FKM) നടത്തിയ ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തി. പരിശോധനയ്ക്കായി തെരഞ്ഞെടുത്ത ആറ് പ്രമുഖ സ്ഥലങ്ങളിലെ വെള്ളത്തിലും മനുഷ്യവിസർജ്യത്തിന്റെ സാന്നിധ്യം അറിയിക്കുന്ന ഇ. കോളി (E. coli) ബാക്ടീരിയകളെ കണ്ടെത്തിയത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 2026 മെയ്, ജൂൺ മാസങ്ങളിൽ ശേഖരിച്ച സാമ്പിളുകൾ ഒരു മാനദണ്ഡത്തിലും സുരക്ഷിതമല്ലെന്നാണ് കണ്ടെത്തിയത്. ഇതിൽ തുതിയൂർ വെട്ടുവേലി കടവിലെ വെള്ളത്തിൽ രക്തത്തിൽ വരെ അണുബാധയുണ്ടാക്കാൻ ശേഷിയുള്ള സ്ട്രെപ്റ്റോകോക്കി (Streptococci) ബാക്ടീരിയയുടെ സാന്നിധ്യവും, കാക്കനാട് ബോട്ട് ജെട്ടി പരിസരത്തെ വെള്ളത്തിൽ വൻ തോതിൽ കലക്കലും രേഖപ്പെടുത്തിയിട്ടുണ്ട്.

ജെയിൻ സർവകലാശാല കൊച്ചി കാമ്പസിലെ സെന്റർ ഓഫ് റിസർച്ച് ഇൻ മറൈൻ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഭിജിത്ത് മുരളീധരന്റെ നേതൃത്വത്തിലാണ് ഈ ജലഗുണനിലവാര നിരീക്ഷണ പദ്ധതി നടന്നത്. ചിലവന്നൂർ ബണ്ട് റോഡിലെ പൊക്കാളി പാർക്ക് പരിസരത്ത് ലവണമണ്ണും ക്ലോറൈഡിന്റെ അളവും സാധാരണ പരിധിയേക്കാൾ വളരെ കൂടുതലാണെന്ന് ലാബ് പരിശോധനയിൽ തെളിഞ്ഞു.

നഗരത്തിലെ ജലാശയങ്ങളിലേക്ക് സംസ്കരിക്കാത്ത മലിനജലം ഒഴുക്കിവിടുന്നതും നഗരമാലിന്യങ്ങളും തടയാൻ കൃത്യമായ ഒരു പ്ലാൻ അതോറിറ്റികൾ ഉടൻ നടപ്പിലാക്കണമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർപേഴ്സൺ പ്രൊഫ. വേണു രാജാമണിയും, ജെയിൻ സർവകലാശാല ഡയറക്ടർ ഡോ. ടോം ജോസഫും ആവശ്യപ്പെട്ടു. കാക്കനാട് കടവ്, വൈറ്റില വാട്ടർ മെട്രോ, ചമ്പക്കര കനാൽ തുടങ്ങി ആറിടങ്ങളിൽ നിന്നാണ് പഠനത്തിനായി സാമ്പിളുകൾ ശേഖരിച്ചത്

A scientific study by JAIN University reveals dangerously high levels of E. coli and faecal contamination in major water bodies across Kochi.

Share.
Leave A Reply

Exit mobile version