ഔദ്യോഗിക സന്ദർശനത്തിനായി ജക്കാർത്തയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആകാശത്ത് വൻ സ്വീകരണമൊരുക്കി ഇന്തോനേഷ്യൻ വ്യോമസേന. പ്രധാനമന്ത്രിയുടെ വിമാനം ഇന്തോനേഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതു മുതൽ രണ്ട് യുദ്ധവിമാനങ്ങൾ അദ്ദേഹത്തിന്റെ വിമാനത്തിന് ഇരുവശത്തുമായി അകമ്പടി സേവിച്ചു. അമേരിക്കൻ നിർമ്മിത എഫ്-16 (F-16), റഷ്യൻ നിർമ്മിത സുഖോയ്-30 (Sukhoi-30) എന്നീ അത്യാധുനിക പോർവിമാനങ്ങളാണ് പ്രധാനമന്ത്രിക്ക് സുരക്ഷാ വലയമൊരുക്കി ഒപ്പം പറന്നത്. വിമാനത്താവളത്തിൽ നേരിട്ടെത്തി തന്നെ സ്വീകരിച്ച ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ നന്ദി രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-പ്രതിരോധ ബന്ധങ്ങളിൽ വൻ പുരോഗതിക്ക് വഴിതുറക്കുകയാണ്. പ്രത്യേകിച്ച്, ഏറെ നാളായി ചർച്ചയിലുള്ള ‘ബ്രഹ്മോസ്’ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കരാറിൽ നിർണ്ണായകമായ പുരോഗതി ഈ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് ക്രൂയിസ് മിസൈൽ സംവിധാനം വാങ്ങാൻ ഇന്തോനേഷ്യ കഴിഞ്ഞ മാർച്ചിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവിൽ ഈ ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഈ സന്ദർശനത്തിനിടെ അനുകൂലമായ നല്ല വാർത്തകൾ പ്രതീക്ഷിക്കാമെന്നും ഇന്തോനേഷ്യയിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് ചക്രവർത്തി വ്യക്തമാക്കിയിട്ടുണ്ട്.
2018-ൽ ഇരുരാജ്യങ്ങളും തമ്മിൽ ആരംഭിച്ച സമഗ്ര തന്ത്രപരമായ പങ്കാളിത്തം പ്രതിരോധം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ബഹിരാകാശം തുടങ്ങിയ വിവിധ മേഖലകളിൽ കൂടുതൽ വിപുലീകരിക്കാൻ ഇരുനേതാക്കളും ചർച്ചകൾ നടത്തും. ഇതിന്റെ ഭാഗമായി സുപ്രധാന കരാറുകളിൽ ഇരുവരും ഒപ്പുവെക്കും. ഔദ്യോഗിക ചർച്ചകൾക്ക് പുറമേ, യോഗ്യാകർത്തയിലെ പ്രശസ്തമായ പ്രംബാനൻ ഹിന്ദു ക്ഷേത്ര സമുച്ചയവും നേതാക്കൾ സന്ദർശിക്കുന്നുണ്ട്
PM Narendra Modi arrived in Jakarta for a key bilateral visit with President Prabowo Subianto. Escorted by F-16 and Sukhoi-30 jets, the high-stakes meet focuses on the BrahMos missile deal and key MoUs
