രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകൾ ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിൽ ആശയവിനിമയം സാധ്യമാക്കുന്നതിനായി ബിഎസ്എൻഎൽ തങ്ങളുടെ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കി. പ്രതിരോധം, ദുരന്തനിവാരണം, ഖനനം, സമുദ്രയാത്രകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ സഹായകമാകുന്ന ഈ ഉപകരണം 1,34,166 രൂപയ്ക്കാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഐഫോൺ 17 പ്രോയെക്കാൾ വിലയുള്ള ഈ ഫോൺ സാധാരണ സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി സാറ്റലൈറ്റ് നെറ്റ്‌വർക്കുകൾ വഴിയാണ് പ്രവർത്തിക്കുന്നത്.

സാധാരണ മൊബൈൽ ടവറുകളെ ആശ്രയിക്കാതെ തന്നെ ലോകത്തെവിടെയും കണക്റ്റിവിറ്റി ഉറപ്പുനൽകുന്നു എന്നതാണ് ഈ ഉപകരണത്തിന്റെ പ്രധാന സവിശേഷത. അടിയന്തര സാഹചര്യങ്ങളിലും ദുർഘടമായ പ്രദേശങ്ങളിലും തടസ്സമില്ലാതെ വോയ്സ് കോൾ ചെയ്യാൻ കഴിയുന്നതിന് പുറമെ, മികച്ച ബാറ്ററി ലൈഫും ഇതിന്റെ പ്രത്യേകതയാണ്. താൽപ്പര്യമുള്ളവർക്ക് 9768866652 എന്ന നമ്പറിൽ ബന്ധപ്പെട്ടോ അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസുകൾ സന്ദർശിച്ചോ ഫോൺ സ്വന്തമാക്കാവുന്നതാണ്. നിലവിൽ സാറ്റലൈറ്റ് സേവനത്തിനായുള്ള കോളിംഗ് പ്ലാനുകളെക്കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
BSNL introduces its highly reliable satellite phone in India priced at ₹1,34,166, designed for defense, maritime, and disaster management sectors with remote connectivity.