ഇന്ത്യയിലെ ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജിലി യോജന’ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 4.2 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപം സമാഹരിക്കാൻ ലോകബാങ്ക് തീരുമാനിച്ചു. ഇതിനുപുറമെ, 890 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായവും പദ്ധതിക്കായി ലോകബാങ്ക് അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്കിൽ (IBRD) നിന്നുള്ള 820 മില്യൺ ഡോളർ വായ്പയും ക്ലീൻ ടെക്നോളജി ഫണ്ടിൽ നിന്നുള്ള 60 മില്യൺ ഡോളർ ഇളവുള്ള വായ്പയും 10 മില്യൺ ഡോളറിന്റെ ഗ്രാന്റും ഇതിൽ ഉൾപ്പെടുന്നു.

വീടുകളിൽ റൂഫ്ടോപ്പ് സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ വാണിജ്യ വായ്പകൾ ലഭ്യമാക്കുന്നതിലൂടെ ഈ പദ്ധതി ഗാർഹിക സൗരോർജ്ജ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഈ പദ്ധതിയിലൂടെ 1.7 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുനരുപയോഗ ഊർജ്ജ നിർമ്മാണം, ഇൻസ്റ്റാളേഷൻ തുടങ്ങിയ സേവന ശൃംഖലകൾ ശക്തിപ്പെടുത്താനും സാധിക്കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. കൊളാറ്ററൽ രഹിത വായ്പകൾ വഴി സാധാരണക്കാർക്ക് വൈദ്യുതി ബിൽ ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.
ഇന്ത്യയുടെ 2070-ലെ നെറ്റ് സീറോ എമിഷൻ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി. ഇതിനകം തന്നെ 4 ദശലക്ഷം കുടുംബങ്ങളിൽ ഈ പദ്ധതി പ്രകാരം സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. 2026 ഡിസംബറോടെ 7.5 ദശലക്ഷം വീടുകളിൽ റൂഫ്ടോപ്പ് സൗരോർജ്ജം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ദശകങ്ങളായി ഇന്ത്യയുടെ സൗരോർജ്ജ മേഖലയ്ക്ക് പിന്തുണ നൽകുന്ന ലോകബാങ്ക്, രാജ്യത്തെ സൗരോർജ്ജ ഉൽപ്പാദന ശേഷി 500 മെഗാവാട്ടിൽ നിന്ന് 27 ജിഗാവാറ്റിലേക്ക് ഉയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
Supported by the World Bank, India aims to install rooftop solar systems in 7.5 million homes by December 2026, boosting solar capacity from 500 MW to 27 GW
