തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന സിപ്കോട്ട് (SIPCOT) ഗംഗൈകൊണ്ടൻ ഇൻഡസ്ട്രിയൽ പാർക്കിൽ വിക്രം സോളാർ 15,037 കോടി രൂപയുടെ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നു. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി തമിഴ്നാട് സർക്കാരുമായി കമ്പനി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. സംസ്ഥാനത്തെ ഹരിത ഊർജ്ജ മേഖലയിലെ നിർണ്ണായകമായ ഈ ചുവടുവെപ്പ് തമിഴ്നാടിന്റെ വ്യവസായ ലക്ഷ്യങ്ങൾക്ക് വലിയ കരുത്തുപകരും.

ഈ പദ്ധതി വഴി നേരിട്ട് 2,670 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോജിസ്റ്റിക്സ്, നിർമ്മാണം, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലൂടെ ഒട്ടേറെ പരോക്ഷ തൊഴിലവസരങ്ങളും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടും. പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും പ്രത്യേക പരിശീലനം നൽകുമെന്നും, ബാറ്ററി അസംബ്ലിംഗ്, ഗുണനിലവാര പരിശോധന, അറ്റകുറ്റപ്പണികൾ എന്നിവയിൽ അവരെ പ്രാപ്തരാക്കുമെന്നും വ്യവസായ മന്ത്രി എസ്. കീർത്തന വ്യക്തമാക്കി.
സോളാർ സെൽ, മൊഡ്യൂൾ നിർമ്മാണത്തിന് പുറമെ ബാറ്ററി സംഭരണ രംഗത്തേക്കും വികസിക്കുന്നതിലൂടെ ഇന്ത്യയുടെ ഊർജ്ജ സ്വയംപര്യാപ്തതയിൽ തമിഴ്നാട് നിർണ്ണായക പങ്കുവഹിക്കും. 2030 സാമ്പത്തിക വർഷത്തോടെ 15 ജിഗാവാട്ട്-അവർ (GWh) ശേഷി കൈവരിക്കാനാണ് വിക്രം സോളാർ ലക്ഷ്യമിടുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച ഈ കരാർ, സംസ്ഥാനത്ത് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും വലിയൊരു ഹരിത ഊർജ്ജ നിർമ്മാണ കേന്ദ്രമായി മാറാനും സഹായിക്കും
Vikram Solar signs an MoU with the Tamil Nadu government to invest Rs 15,037 crore in a BESS manufacturing unit in Tirunelveli, creating over 2,670 direct jobs
