ഗുരുവായൂരിലേക്ക് പുതിയ റെയിൽപാത വരുന്നു. തൊട്ടു പിന്നാലെ ഗുരുവായൂർ ടെർമിനലായി വികസിക്കും. വരുന്നത് തിരൂർ – പൊന്നാനി – ഗുരുവായൂർ – ഇരിങ്ങാലക്കുട പാതയാകുമെന്ന് കഴിഞ്ഞ ദിവസം തവനൂരിൽ സൂചന നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാത യാഥാർഥ്യമായാൽ തീർഥാടക ടൂറിസം വികസനം ലക്ഷ്യമിട്ട് ഗുരുവായൂരിലേക്ക് ഉത്തരേന്ത്യയിൽനിന്ന് കൂടുതൽ ട്രെയിനുകളും അനുവദിക്കാൻ സാധ്യത ഏറെയാണ്.

നിർദ്ദിഷ്ട തിരൂർ – പൊന്നാനി – ഗുരുവായൂർ – ഇരിങ്ങാലക്കുട പാതയുടെ ഡിസൈൻ അശ്വിനി വൈഷ്ണവിനു നൽകിയിട്ടുണ്ടെന്നും സ്ഥലമേറ്റെടുപ്പാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
പദ്ധതി വന്നാൽ തിരൂർ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനായി മാറും. പദ്ധതി യാഥാർത്ഥ്യമായാൽ പൊന്നാനിക്ക് ആദ്യമായി നേരിട്ടുള്ള റെയിൽ കണക്ടിവിറ്റി ലഭിക്കും. ഗുരുവായൂർ കഴിഞ്ഞാൽ പ്രധാന സ്റ്റേഷൻ പൊന്നാനിയായിരിക്കും. കൂടാതെ പെരുമ്പടപ്പ്, തവനൂർ എന്നിവിടങ്ങളിൽ ചെറിയ ഹാൾട്ട് സ്റ്റേഷനുകളുമുണ്ടാകും. വടക്കൻ കേരളത്തിൽ നിന്നും മധ്യകേരളത്തിലേക്കും ദക്ഷിണ കേരളത്തിലേക്കുമുള്ള യാത്രാദൂരവും സമയവും ഗണ്യമായി കുറയും. മംഗളൂരു – കന്യാകുമാരി പാതയുടെ യാത്രാ ദൈർഖ്യം കുറയും. തീരദേശത്തെ ജനസാന്ദ്രത കുറഞ്ഞ ഭാഗങ്ങളിൽ കൂടിയാകും പുതിയ പാത നിർമിക്കുക. നിലവിൽ ഗുരുവായൂരിൽ എത്തിനിൽക്കുന്ന പല ട്രെയിനുകളും കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ പാത സഹായകമാകും. ഇതുവഴി ദക്ഷിണ റയിൽവെയുടെ ചരക്കുഗതാഗതത്തിനും വേഗത കൂടും.
തിരുനാവായ – ഗുരുവായൂർ, താനൂർ – ഗുരുവായൂർ, തിരൂർ – ഗുരുവായൂർ പാതകളൊക്കെ മുൻ കേന്ദ്ര ബജറ്റുകളിൽ പ്രഖ്യാപിച്ചു നടപ്പാക്കാതെ പോയവയാണ്.
1995 ഡിസംബർ 17ന് അന്നത്തെ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി തിരുനാവായ – ഗുരുവായൂർ പാതയ്ക്കു തറക്കല്ലിട്ടിരുന്നു. 35 കി.മീ ദൂരമാണ് കണക്കാക്കിയിരുന്നത്. ഗുരുവായൂർ സ്റ്റേഷന്റെ വടക്കേ അറ്റത്തുള്ള തിരുത്തിക്കാട് പറമ്പിൽ പണി നിലച്ചതോടെ പദ്ധതിക്കായി അനുവദിച്ച 28 കോടി രൂപ വക മാറ്റുകയും ചെയ്തു.
പദ്ധതിയുടെ നടത്തിപ്പിനായി 2020ൽ വീണ്ടും 477 കോടി രൂപ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല. 2024ൽ പാതയുടെ ലിഡാർ സർവേ നടത്തിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ജനുവരിയിൽ സുരേഷ് ഗോപി മന്ത്രി അശ്വനി വൈഷ്ണവിനെ വീണ്ടും കണ്ട് പദ്ധതി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നീക്കങ്ങൾ തുടങ്ങിയിരുന്നു
Indian Railways begins initial steps for the Tirur–Ponnani–Guruvayur–Iringalakuda railway line. The proposed coastal route will connect Ponnani and boost temple tourism in Guruvayur.
