അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) ഓഹരി കൈമാറുന്നത് സംബന്ധിച്ച് അപേക്ഷയിൽമേൽ അതിന്റെ ഗുണദോഷ വശങ്ങൾ പരിശോധിച്ച് തീരുമാനം എടുക്കാൻ വേണ്ട ശുപാർശകൾ സമർപ്പിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതാധികാര സമിതിയെ സര്ക്കാർ ചുമതലപ്പെടുത്തിയിരുന്നു. 49 ശതമാനം ഓഹരി കൈമാറ്റം ഇതുവരെ നടന്നിട്ടില്ലെന്നും കേരള സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അത്തരം കൈമാറ്റം നടത്തുകയില്ലെന്നും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. അതനുസരിച്ച് തുറുമുഖ വകുപ്പിന്റെ കണ്ടെത്തലുകൾ താഴെ പറയുന്നവയാണ്.
1. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ (APSEZL) 51% ഓഹരി നിലനിർത്തിക്കൊണ്ട്, AVPPL-ലെ 49% ഓഹരി MSC/TiL-ന് കൈമാറാനുള്ള അപേക്ഷയാണ് സമിതി പരിശോധിച്ചത്.
2. 49% ഓഹരി കൈമാറ്റം നടന്നാലും, വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവും പ്രവർത്തനവും AVPPL-ന്റെയും MSC ഗ്രൂപ്പിന്റെയും വിശാലമായ ആഗോള ശൃംഖലയുടെ പിന്തുണയോടെ കൂടുതൽ ശക്തിപ്പെടുമെന്ന് സമിതി വിലയിരുത്തി.
3. MSC-യ്ക്ക് തുറമുഖത്തിൽ യാതൊരു ‘Exclusivity’ അവകാശവും ലഭിക്കുന്നില്ല. മറ്റു ഷിപ്പിംഗ് കമ്പനികൾക്കും വിഴിഞ്ഞം തുറമുഖം ഉപയോഗിക്കാനുള്ള അവസരം തുടരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
4. AVPPL-ലേക്ക് MSC ഗ്രൂപ്പ് നടത്തുന്ന നിക്ഷേപം ഏകദേശം 1.75 ബില്യൺ യു.എസ്. ഡോളറാണ്. ഇതിലൂടെ നിലവിലെ 1.6 ദശലക്ഷം TEU വാർഷിക ശേഷി 5.7 ദശലക്ഷം TEU ആയി വർധിപ്പിക്കാൻ കഴിയുമെന്ന് വിലയിരുത്തുന്നു.
5. MSC-യുടെ ട്രാൻഷിപ്മെന്റ് ചരക്ക് ശൃംഖല വിഴിഞ്ഞത്തേക്ക് കൂടുതൽ കപ്പൽ സർവീസുകളും ചരക്കുകളും എത്തിക്കാൻ സഹായിക്കുകയും, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ബംഗ്ലാദേശ് തുടങ്ങിയ വിപണികളിലേക്കുള്ള വ്യാപാര സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
6. കൺസഷൻ കരാറിലെ Clause 5.3 പ്രകാരം, AVPPL-ൽ 49% ഓഹരി ഏറ്റെടുക്കുന്നതിലൂടെ ഉണ്ടാകുന്ന ‘Change in Ownership’ ന് കേരള സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് സമിതി വ്യക്തമാക്കി.
7. Common User Facility-കൾ ഉൾപ്പെടെ Shipping Lines, Vessel Operators, Customs, Immigration, Freight Forwarders തുടങ്ങിയ എല്ലാ ഉപയോക്താക്കൾക്കും വിവേചനരഹിതമായ സേവനം ഉറപ്പാക്കണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.
8. കൺസഷൻ കരാറിലെ Clause 5.8.1 അനുസരിച്ച് മത്സരസംരക്ഷണം, പൊതുതാൽപര്യം, സുതാര്യത എന്നിവ നിലനിർത്തിക്കൊണ്ടായിരിക്കണം തുറമുഖ പ്രവർത്തനങ്ങൾ നടക്കേണ്ടതെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.
9. 49% ഓഹരി കൈമാറ്റം മൂലം കേരള സർക്കാരിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനോ, കൺസഷൻ കരാറിലെ മറ്റ് വ്യവസ്ഥകൾക്കോ മാറ്റമുണ്ടാകില്ലെന്നും, കരാറിലെ എല്ലാ നിബന്ധനകളും തുടർന്നും ബാധകമായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
10. എല്ലാ ഗുണദോഷങ്ങളും പരിശോധിച്ചശേഷം, തീരുമാനമെടുക്കാനുള്ള ശുപാർശകൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി.
