കേരളത്തിന്റെ ലോട്ടറി ചരിത്രത്തിലെ രാജ്യത്തെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ തിരുവോണം ബമ്പർ എത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടി രൂപയാക്കി ഉയർത്തി. ബമ്പർ ടിക്കറ്റ് മുഖ്യമന്ത്രി വി ഡി സതീശൻ പുറത്തിറക്കി. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കുമെന്നതാണ് ഇത്തവണത്തെ ഓണം നറുക്കെടുപ്പിന്റെ മറ്റൊരു വലിയ പ്രത്യേകത. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്.
500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ജൂലൈ 20 തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിൽപ്പന ഔദ്യോഗികമായി ആരംഭിക്കുന്നത്. സെപ്റ്റംബർ 26-നാണ് മഹാ ബമ്പറിന്റെ നറുക്കെടുപ്പ് നടക്കുക. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷക്കണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ , ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്, അഡീഷണൽ ഡയറക്ടർമാരായ ഷാജു പി.എ, അനിൽകുമാർ കെ എസ്, തുടങ്ങിയവർ പങ്കെടുത്തു.
ഇതോടൊപ്പം വ്യാജ ലോട്ടറികൾക്കെതിരെ കർശന മാർഗ നിർദേശങ്ങളും ലോട്ടറി വകുപ്പ് പുറപ്പെടുവിച്ചു. അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ നേരിട്ട് അച്ചടിച്ച ടിക്കറ്റുകൾ മാത്രമേ വാങ്ങാവൂ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ എന്നിവ വഴി വില്പനയില്ല. വാട്സാപ്പ് വഴിയോ മറ്റ് സോഷ്യൽ മീഡിയ ലിങ്കുകൾ വഴിയോ ഉള്ള ഓൺലൈൻ ലോട്ടറി വിൽപ്പന പൂർണ്ണമായും വ്യാജവും നിയമവിരുദ്ധവുമാണെന്ന് ലോട്ടറി ഡയറക്ടറേറ്റ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala’s Thiruvonam Bumper offers a historic ₹30 crore first prize and ₹1 crore each for 20 second-prize winners. Tickets are priced at ₹500.
