2026 ഫിഫാ ലോകകപ്പ് ആവേശകരമായ പര്യവസാനത്തിലെത്തിയപ്പോൾ, വ്യക്തിഗത പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരങ്ങളുടെ പട്ടിക പുറത്തുവന്നു. ടൂർണമെന്റിലുടനീളം പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെ സ്പെയിൻ നായകൻ റോഡ്രിയാണ് മികച്ച കളിക്കാരനുള്ള ‘ഗോൾഡൻ ബോൾ’ പുരസ്കാരം സ്വന്തമാക്കിയത്. ലയണൽ മെസ്സിയെ പിന്തള്ളിയാണ് റോഡ്രി ഈ നേട്ടം കൈവരിച്ചത്. ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പേ ടൂർണമെന്റിലെ മികച്ച മൂന്നാമത്തെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ‘ബ്രോൺസ് ബോൾ’ സ്വന്തമാക്കുകയും ചെയ്തു.

ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള ‘ഗോൾഡൻ ബൂട്ട്’ ഫ്രാൻസിന്റെ കിലിയൻ എംബാപ്പേയ്ക്കാണ്. എട്ട് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ടൂർണമെന്റിലുടനീളം അത്ഭുതകരമായ പ്രതിരോധം കാഴ്ചവെച്ച സ്പെയിനിന്റെ ഉനായ് സൈമൺ ‘ഗോൾഡൻ ഗ്ലൗ’ പുരസ്കാരം സ്വന്തമാക്കി. കളിച്ച എട്ട് മത്സരങ്ങളിൽ ഏഴിലും ക്ലീൻ ഷീറ്റ് നിലനിർത്തിയ സൈമൺ, ടൂർണമെന്റിലുടനീളം വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രം. സ്പെയിനിന്റെ യുവതാരം പൗ കുബാർസിയാണ് ടൂർണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ടൂർണമെന്റിലെ മികച്ച അസിസ്റ്റ് ജേതാവായി ഫ്രാൻസിന്റെ മൈക്കൽ ഒലിസെ മാറി. എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് അസിസ്റ്റുകളാണ് താരം നൽകിയത്. ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം (10 ഗോൾ, 4 അസിസ്റ്റ്) എന്ന നേട്ടവും എംബാപ്പേയുടെ പേരിലാണ്. ലയണൽ മെസ്സി, ജോനാഥൻ ഡേവിഡ്, ഉസ്മാൻ ഡെംബെലെ, ബുകായോ സാക്ക എന്നിവരാണ് ഈ ലോകകപ്പിൽ ഹാട്രിക് നേട്ടം സ്വന്തമാക്കിയ താരങ്ങൾ. ടീമുകളെ പരിശോധിച്ചാൽ, ഫ്രാൻസും ഇംഗ്ലണ്ടുമാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ (20 വീതം) നേടിയത്. മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് പിന്നിലായി ഫ്രാൻസ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Spain captain Rodri wins the Golden Ball, while Kylian Mbappe claims the Golden Boot as the 2026 FIFA World Cup individual awards are announced.