സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, വൈദ്യുതി ആവശ്യകത മുൻകൂട്ടി കാണുന്നത് കാര്യക്ഷമമാക്കണമെന്ന് കെഎസ്ഇബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിർദ്ദേശം നൽകി. ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി നൽകിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് കമ്മീഷൻ ഈ നിരീക്ഷണം നടത്തിയത്. തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും പ്രവർത്തന പ്രതിസന്ധികൾക്കും ഇടയാക്കുമെന്നും, ഇത് ഒടുവിൽ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വർദ്ധനവിന് കാരണമാകുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
പ്രതിസന്ധി പരിഹരിക്കുന്നതിനായി എൻ.ടി.പി.സി, പവർ പൾസ് ട്രേഡിങ് സൊല്യൂഷൻസ് എന്നിവയിൽ നിന്ന് യൂണിറ്റിന് 5.96 രൂപ നിരക്കിൽ 100 മെഗാവാട്ട് വീതം വാങ്ങാനാണ് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ പകൽ സമയങ്ങളിൽ സൗരോർജം കുറഞ്ഞ നിരക്കിൽ (1.50 മുതൽ 2 രൂപ വരെ) ലഭ്യമാണെന്ന കാര്യം പരിഗണിച്ച്, പകൽ സമയത്തെ വൈദ്യുതി ലഭ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി. സൗരോർജം ലഭ്യമല്ലാത്ത സമയങ്ങളിലെ ഉയർന്ന ആവശ്യം മുന്നിൽക്കണ്ട് വൈദ്യുതി സംഭരണം ക്രമീകരിക്കണമെന്നും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. വൈദ്യുതി വാങ്ങൽ തീരുമാനങ്ങൾ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെയും ഉപഭോക്താക്കളുടെ താരിഫിനെയും എങ്ങനെ ബാധിക്കുമെന്ന് കെ.എസ്.ഇ.ബി കോർ കമ്മിറ്റി വിലയിരുത്തുന്നില്ലെന്നും ടി.കെ. ജോസ് അധ്യക്ഷനായ പാനൽ കുറ്റപ്പെടുത്തി.
KSERC permits KSEB to purchase 200 MW power for a year to manage the crisis while urging better demand forecasting and utilization of low-cost daytime solar power.
