കേരളം ജിസിസി ഹബ്ബാകാനുള്ള ശരിയായ പാതയില്‍ എന്ന് യു ഡി എഫ് സർക്കാരിന് സാക്ഷ്യപത്രം നൽകി വിദഗ്ധര്‍. ജിസിസികള്‍ ഇന്ന് എഐ ഇന്നവേഷന്‍ ഹബ്ബുകളായി മാറിക്കൊണ്ടിരിക്കുന്നു . മികച്ച പ്രഫഷണലുകളുടെ ലഭ്യത, ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം, നൂതന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ എന്നിവയുള്ള കേരളത്തില്‍ കൂടുതല്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളെ (ജിസിസി) ആകര്‍ഷിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളുമുണ്ടെന്ന് വിലയിരുത്തി ‘കേരള ജിസിസി ഔട്ട്ലുക്ക് 2026’.ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളെ (ജിസിസി) ആകര്‍ഷിക്കുന്നതിനും ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി പ്രധാന ജിസിസി ഹബ്ബായി സംസ്ഥാനത്തെ സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര ജിസിസി സാധ്യതാ റിപ്പോര്‍ട്ട് ഈ ഘടകങ്ങൾ ഉൾപ്പെടുത്തി വ്യവസായ വാണിജ്യ ഐടി എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പുറത്തിറക്കി

ജിസിസി ഹബ്ബ് ആകാനുള്ള കേരളത്തിന്റെ സന്നദ്ധതയുടെ സമഗ്രമായ വിലയിരുത്തലാണ് ഫീസിബിലിറ്റി റിപ്പോര്‍ട്ട്. ജിസിസി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗരേഖ ഇത് മുന്നോട്ടുവയ്ക്കുന്നു.
ടെക്നോപാര്‍ക്കില്‍ നടന്ന കേരള ജിസിസി ഔട്ട്ലുക്ക് 2026 കോണ്‍ക്ലേവിലാണ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ജിസിസി സാധ്യതാ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
വളര്‍ച്ച പ്രാപിച്ച ഐടി ആവാസവ്യവസ്ഥ, ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, ലോകോത്തര ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ശക്തമായ അക്കാദമിക് സ്ഥാപനങ്ങള്‍, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയാല്‍ ജിസിസികള്‍ക്ക് താത്പര്യമുള്ള സ്ഥലമായി ഉയര്‍ന്നുവരാന്‍ കേരളത്തിന് സാധ്യതയേറെയാണ്. നിലവില്‍ കേരളത്തില്‍ 45-ലധികം പ്രവര്‍ത്തനക്ഷമമായ ജിസിസികള്‍ ഉണ്ട്. 2031 ആകുമ്പോഴേക്കും ഇത് 150 ജിസിസികളിലും രണ്ട് ലക്ഷം അനുബന്ധ ജോലികളിലും എത്തിക്കുകയാണ് ലക്ഷ്യം.
ജിസിസികള്‍ ഇന്ന് എഐ ഇന്നവേഷന്‍ ഹബ്ബുകളായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ ഒരു ‘ എഐ ജിസിസി ഹബ്ബ്’ ആയി ഉയര്‍ത്താന്‍ കഴിവുള്ള ആളുകളുടെ അടുത്തൊരു തലമുറയെ സൃഷ്ടിക്കേണ്ടതുണ്ട്. അതിനായി അക്കാദമിക് സമൂഹം, ഇന്‍ഡസ്ട്രി, സര്‍ക്കാര്‍ എന്നിവ തമ്മിലുള്ള സഹകരണം ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്.
ഉയര്‍ന്ന നിലവാരമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം കേരളത്തെ ജിസിസികള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള മികച്ചയിടമാക്കുന്നതായി റിപ്പോർട്ടിലുണ്ട്. നല്ല കാലാവസ്ഥ, മികച്ച അന്തരീക്ഷം, സുസ്ഥിരത തുടങ്ങിയവ കേരളത്തിന്റെ സവിശേഷതയാണ്. ഇത്തരം സവിശേഷതകളെ വിപണനം ചെയ്യുന്നതിലൂടെ സംസ്ഥാനത്തേക്ക് കൂടുതല്‍ ജിസിസി കളെ ആകര്‍ഷിക്കാനാകും.
കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ജിസിസി ഡെസ്റ്റിനേഷന്‍ ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജിസിസി സാധ്യതാ റിപ്പോര്‍ട്ട് അതിലെ സുപ്രധാന ചുവടുവയ്പാണെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മികച്ച ഐടി സാക്ഷരതയും പ്രൊഫഷണലുകളുടെ സാന്നിധ്യവും ഇതിന് കേരളത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. റിപ്പോര്‍ട്ട് വിശകലനം ചെയ്ത ശേഷം ഈ ദൗത്യം കൈവരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ജിസിസി സൗകര്യങ്ങള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ട്. മെച്ചപ്പെട്ട വ്യോമ, റെയില്‍ കണക്റ്റിവിറ്റികളും മികച്ച നെറ്റ് വര്‍ക്ക് സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ബെംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ ടയര്‍ വണ്‍ നഗരങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ കൊഴിഞ്ഞുപോക്ക് നിരക്ക് വളരെ കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
കണക്റ്റിവിറ്റിക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും ടയര്‍ വണ്‍ നഗരങ്ങളുമായി സഹകരിക്കേണ്ടതുണ്ടെന്നും അങ്ങനെ സംസ്ഥാനത്ത് ഹബ് ആന്‍ഡ് സ്പോക്ക് മോഡല്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് കോൺക്ലേവിൽ അഭിപ്രായമുയർന്നു. സംസ്ഥാനത്തിന്റെ സവിശേഷതകളും ആവാസവ്യവസ്ഥയും വിപണനം ചെയ്യുന്നതിന് മലയാളികളായ പ്രവാസികളെ ഉപയോഗപ്പെടുത്താനാകും.
ജിസിസികള്‍ സ്ഥാപിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ബെംഗളൂരു ആസ്ഥാനമായ ആഗോള സ്ഥാപനമായ എഎന്എസ്ആറിന്റെ സിഎഫ്ഒ ശ്രീനിവാസന് സാര്‍വഭൗമന്‍ കേരള ഫീസിബിലിറ്റി റിപ്പോര്‍ട്ട് 2026 അവതരിപ്പിച്ചു.
ചടങ്ങില്‍ ഇന്‍ഫോപാര്‍ക്സ് കേരള സിഇഒ സുശാന്ത് കുറുന്തിലും ശ്രീനിവാസന് സാര്‍വഭൗമനും ജിസിസികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറി. ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാറും ഐടി സ്ഥാപനമായ കൊളാബെറയുടെ ഡയറക്ടര്‍ രഞ്ജിത്ത് ദോഷിയുമായി മറ്റൊരു ധാരണാപത്രവും കൈമാറി.
Kerala releases the ‘GCC Outlook 2026’ report, laying down a roadmap to host 150 Global Capability Centers and create 2 lakh jobs by 2031
