എയർപോർട്ട് മാതൃകയിൽ രാജ്യത്ത്  ബസ് പോർട്ടുകൾ  ആരംഭിക്കാനുള്ള പദ്ധതി  കേന്ദ്രസർക്കാർ പുനരവതരിപ്പിച്ചതോടെ കേരളവും ഏറെ പ്രതീക്ഷയിൽ . തിരുവനന്തപുരം  കൊച്ചി  കോഴിക്കോട് നഗരങ്ങളിൽ ബസ് പോർട്ടുകൾ ആരംഭിക്കാൻ കേരളം നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. രണ്ടാം ഘട്ടത്തിൽ കേന്ദ്രം കേരളത്തെയും പദ്ധതിയിൽ ഉൾപെടുത്തുമെന്നാണ് പ്രതീക്ഷ.

Airport style Bus Ports in Kerala

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബസ് പോർട്ടുകൾ നിർമിക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണു കഴിഞ്ഞദിവസം ഗുജറാത്തിൽ പ്രഖ്യാപിച്ചത്. നാഗ്പുർ, തിരുപ്പതി, ജമ്മു കശ്മീരിലെ കത്ര എന്നിവിടങ്ങളിലാണു പുതിയ 3 ബസ് പോർട്ടുകൾ വരുന്നത്. വിവിധ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തികസഹായം കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

ഗുജറാത്തിൽ വഡോദര, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിൽ ബസ് പോർട്ടുകളുണ്ട്. പൊതു, സ്വകാര്യപങ്കാളിത്തതോടെ നടപ്പാക്കുന്ന പദ്ധതിയിൽ സംസ്ഥാന ആർടിസികൾ കണ്ടെത്തുന്ന ഭൂമിയിൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ്, സ്വകാര്യ കമ്പനികൾ എന്നിവയുടെ സഹായത്തോടെയാണ് ഇതു നടപ്പാക്കുന്നത്.

 പൊതുഗതാഗത ടെർമിനലുകൾ ആയി കണക്കാക്കുന്ന  വിമാനത്താവള മാതൃകയിലുള്ള ആധുനിക ബസ് ടെർമിനലുകളെയാണ് സാധാരണയായി ബസ് പോർട്ട് എന്ന് വിളിക്കുന്നത്.   മുൻപ്, തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ ഇതേ പദ്ധതി നടപ്പാക്കാൻ ആലോചിച്ചിരുന്നെങ്കിലും മുന്നോട്ടുപോയില്ല. തിരുവനന്തപുരത്തെ ഈഞ്ചക്കലിൽ കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ ബസുകൾ, യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒരു കേന്ദ്രീകൃത ബസ് പോർട്ട് പദ്ധതിയായിരുന്നു അന്ന് വിഭാവനംചെയ്തിരുന്നത്. പദ്ധതിയുടെ 40 ശതമാനം തുക കേന്ദ്രം വഹിക്കുന്ന രീതിയിലാണു മുൻപു പദ്ധതി തയാറാക്കിയത്.

തിരുപ്പതിയിൽ 13 ഏക്കറിലാണ് പുതിയ ബസ് പോർട്ട് വരുന്നത്. 98 ബസ് പ്ലാറ്റ്ഫോമുകളും 10 നില കെട്ടിടവും ഉൾപ്പെടുന്ന പദ്ധതിയുടെ ചെലവ് 500 കോടി രൂപയാണ്. ഇതേ മാതൃകയിൽ  കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിൽ പദ്ധതിക്കായി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കുമെന്നാണു സൂചന

Central govt announces airport-style bus ports in India under Nitin Gadkari. Kerala hopes to secure bus ports in Thiruvananthapuram, Kochi, and Kozhikode

Share.
Leave A Reply

Exit mobile version