ട്രാഫിക് നിയമങ്ങൾ നിരന്തരം ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്ന ഗ്രേഡഡ് പോയിന്റ് സിസ്റ്റം കൊണ്ടുവരുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഡൽഹിയിൽ 66-ാമത് സിയാം വാർഷിക സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സംവിധാനപ്രകാരം, ഓരോ തവണ ട്രാഫിക് നിയമങ്ങൾ ലംഘിക്കുമ്പോഴും ഡ്രൈവിംഗ് ലൈസൻസിൽ നിന്നും ആർസിയിൽ നിന്നും നിശ്ചിത പോയിന്റുകൾ വെട്ടിക്കുറയ്ക്കും. ഈ പോയിന്റുകൾ ഒരു നിശ്ചിത പരിധി കവിഞ്ഞാൽ അധികാരികൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ഉള്ള അധികാരമുണ്ടായിരിക്കും.

റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരിൽ ഉത്തരവാദിത്തബോധം വളർത്തുന്നതിനുമാണ് ഈ നയമെന്ന് ഗഡ്കരി വ്യക്തമാക്കി. നല്ല ഡ്രൈവിംഗ് ശീലങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ, നിയമങ്ങൾ പതിവായി ലംഘിക്കുന്നവർ കർശനമായ നടപടികൾ നേരിടേണ്ടി വരും. രാജ്യത്ത് പ്രതിവർഷം അഞ്ച് ലക്ഷത്തോളം റോഡപകടങ്ങൾ നടക്കുകയും 1.80 ലക്ഷത്തോളം പേർ ജീവൻ വെടിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റോഡ് സുരക്ഷ മുൻനിർത്തി ഇത്തരം നടപടികൾ. ഡ്രൈവിംഗ് സംസ്കാരം മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം 1,600 ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും, ഒക്ടോബർ 2027 മുതൽ ഭാരത് എൻകാപ് 2.0 (Bharat NCAP 2.0) നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Union Minister Nitin Gadkari announces a new graded negative point system that may suspend driving licenses and vehicle RCs for repeated traffic violations in India

Share.
Leave A Reply

Exit mobile version