ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ബഹിരാകാശ യാത്രയ്ക്കായി ഡിആർഡിഒ വികസിപ്പിച്ച ഭക്ഷ്യവിഭവങ്ങളിൽ ആകെ മൂന്നെണ്ണം മാത്രമാണ് വിജയിച്ചത്. യാത്രയ്ക്കായി ഡിആർഡിഒ നിരവധി ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയെങ്കിലും നാസയുടെ കർശന സുരക്ഷാ-ഗുണനിലവാര പരിശോധനകളിൽ വെറും മൂന്ന് വിഭവങ്ങൾ മാത്രമാണ് വിജയിച്ചതെന്ന് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല വെളിപ്പെടുത്തി. 2025 ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നടത്തിയ യാത്രയിലെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.
ഗഗൻയാൻ ദൗത്യത്തിനായി ബഹിരാകാശ ഭക്ഷണം വികസിപ്പിക്കുന്ന ഡിആർഡിഓയ്ക്ക് കീഴിലുള്ള ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി (DFRL) ഖിച്ചടി, പുലാവ് തുടങ്ങി നിരവധി വിഭവങ്ങൾ തയ്യാറാക്കിയിരുന്നെങ്കിലും സാങ്കേതിക പരിശോധനകളിൽ വിജയിക്കാൻ ഗാജർ കാ ഹൽവ, മൂംഗ് ദാൽ കാ ഹൽവ, ആംരസ് എന്നിവയ്ക്കു മാത്രമേ സാധിച്ചുള്ളൂ.
ബഹിരാകാശത്ത് ഫ്രിഡ്ജ് സൗകര്യമില്ലാതെ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുക, സൂക്ഷ്മാണുക്കളുടെ സുരക്ഷ ഉറപ്പാക്കുക, വിക്ഷേപണ സമയത്തെ ശക്തമായ ആഘാതങ്ങളും കുലുക്കങ്ങളും അതിജീവിക്കുക തുടങ്ങിയ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തരം ഭക്ഷണങ്ങൾ തയ്യാറാക്കുന്നത്. ഈ വിഭവങ്ങൾ തനിക്ക് കഴിക്കാൻ കഴിഞ്ഞില്ലെങ്കിലും സഹയാത്രികർക്കൊപ്പം ഇവ പങ്കുവെക്കാൻ കഴിഞ്ഞെന്നും, ഭൂമിയിൽ തിരിച്ചെത്തിയപ്പോൾ ഡോക്ടർ നൽകിയ ബനാനാ ചിപ്സും ഭാകർവാഡിയുമാണ് യഥാർത്ഥ നാടൻ രുചിയേകിയതെന്നും ശുഭാൻശു ശുക്ല ഓർമിച്ചു.
Shubhanshu Shukla reveals only three DRDO-prepared Indian dishes—Gajar Ka Halwa, Moong Dal Ka Halwa, and Aamras—passed NASA’s strict space food tests
