ശാസ്ത്രവും ആത്മീയതയും ചേർന്നുള്ള സമഗ്രമായ കാഴ്ചപ്പാടാണ് യുവതലമുറയ്ക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമെന്ന് ഗഗൻയാൻ ബഹിരാകാശ ദൗത്യ സംഘത്തലവൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം സ്വന്തം നാട്ടിലെയും സമൂഹത്തിലെയും പ്രശ്നങ്ങൾ ആദ്യം കണ്ടെത്താനും അവ പരിഹരിക്കാനുമാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ശ്രമിക്കേണ്ടത്. ഒത്തൊരുമയോടെയുള്ള പ്രവർത്തനവും പോസിറ്റീവായ മത്സരബുദ്ധിയുമാണ് വളർച്ചയ്ക്ക് ആധാരമെന്നും, ബഹിരാകാശ ഗവേഷണരംഗത്തും സാങ്കേതികമേഖലയിലും ഇന്ത്യയുടെ സവിശേഷമായ ശേഷിയും സംസ്‌കാരവും ആത്മവിശ്വാസത്തോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കണമെന്നും അഭിമുഖത്തിൽ പ്രശാന്ത് നായർ കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടന്ന കേരള സൈബർ സുരക്ഷാ പരിപാടിയിൽ പങ്കെടുത്താനെത്തിയ അദ്ദേഹം ചാനൽ അയാം ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു.

സൈബർ സുരക്ഷയും വിവരസാങ്കേതികവിദ്യയും ഭാവി ഭാരതത്തിന്റെ സുപ്രധാന ആയുധങ്ങളാണെന്നും ഇവയിൽ രാജ്യം സ്വന്തമായി സാങ്കേതികവിദ്യയും എഐ  സംവിധാനങ്ങളും വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ക്യാപ്റ്റൻ പ്രശാന്ത് നായർ പറഞ്ഞു.  സാങ്കേതികവിദ്യകൾക്കും ഡിജിറ്റൽ ഇടങ്ങൾക്കും അതിർവരമ്പുകളില്ലാത്ത കാലഘട്ടത്തിൽ, വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകാം. അതിനാൽ കേവലം പ്രവർത്തനാധിഷ്ഠിത സുരക്ഷയ്ക്കപ്പുറം, തന്ത്രപരമായ ഡിജിറ്റൽ സ്വയംപര്യാപ്തത കൈവരിക്കാൻ രാജ്യം ഒന്നാകെ ഒരുമിച്ച് മുന്നേറണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദങ്ങളെയും താൻ അഭിമുഖീകരിക്കുന്ന വലിയ ഉത്തരവാദിത്തങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. പാശ്ചാത്യ സോഷ്യൽ മീഡിയ സംസ്കാരം ആളുകളിൽ ഫിയർ ഓഫ് മിസ്സിംഗ് ഔട്ട് (FOMO) എന്ന ഭീതി ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും, എന്നാൽ വ്യക്തിപരമായി താൻ ആത്മസംതൃപ്തിയോടെയും ഭയരഹിതനായുമാണ് എല്ലാ വെല്ലുവിളികളെയും നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രവും കലയും വേറിട്ടതല്ലെന്നും, ഇവ രണ്ടും സമന്വയിപ്പിച്ച് മുൻപോട്ടു പോകുന്ന വ്യക്തികൾക്കും സംരംഭങ്ങൾക്കും ജീവിതത്തിലും കരിയറിലും വലിയ വിജയം നേടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Gaganyaan mission lead Group Captain Prashanth Nair emphasizes the need for India’s digital sovereignty, indigenous AI, and robust cyber security

Share.
Leave A Reply

Exit mobile version