സംസ്ഥാനത്ത് ഊബർ ഒഴികെയുള്ള ഓൺലൈൻ ടാക്സി തൊഴിലാളികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. മിനിമം നിരക്ക് വർധന, കമ്മീഷൻ പരിഷ്കരണം, തൊഴിൽ സുരക്ഷ തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ച മുതൽ ആരംഭിച്ച സമരത്തിനിടെ, ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി ഡ്രൈവർമാരുടെ സംഘടന നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

ഊബർ ഒഴികെയുള്ള മറ്റ് ആപ്പുകൾ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് കേരള സവാരി ഉൾപ്പെടെയുള്ള സർവീസുകൾ സാധാരണ നിലയിൽ പുനരാരംഭിക്കും. അതേസമയം, ഊബർ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്, ഊബർ ആപ്പ് ഉപയോഗിച്ചുള്ള സർവീസുകൾ ബഹിഷ്കരിച്ചുകൊണ്ട് തൊഴിലാളികൾ സമരം തുടരുകയാണ്.
ആവശ്യങ്ങൾ അംഗീകരിക്കാൻ ഊബർ അധികൃതർ ഒരാഴ്ചത്തെ സമയം തേടിയിട്ടുണ്ടെന്നും, എന്നാൽ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമായില്ലെങ്കിൽ ഊബറിനെതിരെയുള്ള സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഓൺലൈൻ ടാക്സി സംയുക്ത സമിതി വ്യക്തമാക്കി. വൻതോതിലുള്ള കമ്മീഷൻ ഈടാക്കുന്നതും ഇന്ധനവില വർധനവും കാരണം കടുത്ത പ്രതിസന്ധിയിലാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു.
കൊച്ചിയിൽ ഊബർ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഊബർ ആപ്പ് ഉപയോഗിച്ച് സർവീസ് നടത്തില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കി. മിനിമം നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നാണ് സംഘടനാ പ്രതിനിധികൾ ആരോപിക്കുന്നത്. അടുത്തയാഴ്ച ഊബറുമായി വീണ്ടും ചർച്ച നടത്തുമെന്നും ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഊബറിനെതിരായ സമരം തുടരുമെന്നും ഓൺലൈൻ ടാക്സി സംയുക്ത സമിതി അറിയിച്ചു.
നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ, തൊഴിൽ സുരക്ഷ ഉറപ്പാക്കൽ, മുൻകൂട്ടി നോട്ടീസ് നൽകാതെ ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കുക, ഇന്ധനവില വർധനവിനിടയിലും ടാക്സിനിരക്ക് കുറക്കൽ, ഏകീകൃതനിരക്ക് ഏർപ്പെടുത്തണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
Online taxi strike in Kerala called off for Ola, Rapido, and Kerala Savari after talks succeed. Uber drivers continue their strike over minimum fare hikes
