തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും പ്രശസ്ത സംവിധായകൻ അറ്റ്ലിയും ആദ്യമായി ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ‘രാക’ (Raaka) റിലീസിന് ഒരു വർഷം മുമ്പ് തന്നെ ഗിന്നസ് ലോക റെക്കോർഡിൽ ഇടംനേടി. ഒരേസമയം 37 പെർഫോമർമാരെ തത്സമയം മോഷൻ-ക്യാപ്ചർ (Most People Motion-Captured in Real-Time) ചെയ്തതാണ് ചിത്രം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. മുംബൈയിൽ വെച്ച് നടന്ന ചിത്രീകരണത്തിനിടയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.

വിഎഫ്എക്സ് സാങ്കേതികവിദ്യയുടെ ലോകത്ത് പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് ചിത്രം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുന്നത്. ഒരു രംഗത്തിൽ തത്സമയം ഏറ്റവും കൂടുതൽ ആളുകളുടെ ചലനങ്ങൾ പകർത്തുന്ന സാങ്കേതികവിദ്യയായ ‘മോഷൻ ക്യാപ്ചർ’ വിഭാഗത്തിലാണ് ‘രാക’ റെക്കോർഡ് കരസ്ഥമാക്കിയത്. സിനിമയിലെ ഒരു പ്രധാന രംഗത്തിനായി ഒരേസമയം 37 കലാകാരന്മാരുടെ മോഷൻ ക്യാപ്ചർ തത്സമയം വിജയകരമായി ചിത്രീകരിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചു.
ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് അല്ലു അർജുനും സംവിധായകൻ അറ്റ്ലിയും ചേർന്ന് ഏറ്റുവാങ്ങിയതിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. അറ്റ്ലിയുടെ കരിയറിലെ ഏറ്റവും വലിയ ഡ്രീം പ്രോജക്ടായ ‘രാക’ ഒരു ക്രീച്ചർ ഫിലിം അഥവാ മോൺസ്റ്റർ മൂവി ആണെന്നാണ് സൂചനകൾ നൽകുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്ന ചിത്രം 2027-ൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ വിഷ്വൽ എഫ്ക്റ്റുകൾ ഹോളിവുഡ് നിലവാരത്തിലുള്ളതാണെന്നും അവതാറിനെ വെല്ലുന്ന ദൃശ്യാനുഭവമായിരിക്കും ചിത്രമെന്നും സിബി ചക്രവർത്തി ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർ അഭിപ്രായപ്പെട്ടത് സിനിമയുടെ ഹൈപ്പ് ഇരട്ടിയാക്കിയിട്ടുണ്ട്.
Allu Arjun and Atlee’s upcoming pan-India movie ‘Raaka’ sets a Guinness World Record for the most people motion-captured in real-time ahead of its 2027 release.
