സർക്കാർ സേവന മേഖലയിൽ വൻ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട്, നിർമ്മിത ബുദ്ധിയിൽ (AI) അധിഷ്ഠിതമായ ‘മിറ’ (mira) എന്ന പേഴ്സണൽ അസിസ്റ്റന്റ് യുഎഇ പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ‘ഗവൺമെന്റ് 4.0’ പദ്ധതിയുടെ ഭാഗമായി മിറ അവതരിപ്പിച്ചത്. 2027 മാർച്ച് മുതൽ ലഭ്യമായിത്തുടങ്ങുന്ന ഈ സംവിധാനത്തിലൂടെ ആദ്യഘട്ടത്തിൽ റെസിഡൻസി, തിരിച്ചറിയൽ രേഖകൾ, പാസ്പോർട്ട് പുതുക്കൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന സേവനങ്ങളാണ് ലഭിക്കുക. 2027 അവസാനത്തോടെ യുഎഇയിലെ മുഴുവൻ സർക്കാർ സേവനങ്ങളും മിറ വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഏജന്റിക് എഐ (Agentic AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മിറ, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് ആവശ്യമായ രേഖകൾ സ്വയം തയ്യാറാക്കി നൽകും. ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതാക്കി ഉപഭോക്താക്കൾക്ക് അവരുടെ മാതൃഭാഷയിൽ തന്നെ സംവദിച്ച് സേവനങ്ങൾ തേടാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ 50 ശതമാനം സർക്കാർ സേവനങ്ങളും പ്രവർത്തനങ്ങളും എഐ അധിഷ്ഠിതമാക്കാനുള്ള യുഎഇയുടെ ബൃഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.
The UAE launches Mira, an agentic AI personal assistant to streamline passports, Emirates IDs, residency, healthcare, and government services starting March 2027.

