ഉത്തർപ്രദേശിൽ നിന്നുള്ള പ്രശസ്തമായ ദശഹരി, ലംഗ്ര മാമ്പഴങ്ങൾ കുറഞ്ഞ ചെലവിൽ കടൽമാർഗ്ഗം വിദേശ വിപണിയിലെത്തിച്ച് ഇന്ത്യ. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (APEDA) നേതൃത്വത്തിലാണ് ഈ ചരിത്രപരമായ നേട്ടം.
ഇന്ത്യൻ കാർഷിക ഉൽപ്പന്ന കയറ്റുമതി രംഗത്ത് പുതിയൊരു അധ്യായം കുറിച്ച് ഇന്ത്യ. ഉത്തർപ്രദേശിൽ ഉൽപ്പാദിപ്പിച്ച 12.5 ടൺ ദശഹരി (Dashehari), ലംഗ്ര (Langra) ഇനത്തിൽപ്പെട്ട മാമ്പഴങ്ങൾ വിജയകരമായി കടൽമാർഗ്ഗം ദുബായിലേക്ക് കയറ്റുമതി ചെയ്തു.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (APEDA) ഏകോപനത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
സാധാരണയായി വിമാനമാർഗ്ഗമാണ് മാമ്പഴങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. എന്നാൽ വിമാനക്കൂലി വളരെ കൂടുതലായതിനാൽ കർഷകർക്ക് ലഭിക്കുന്ന ലാഭം കുറവായിരുന്നു. കടൽമാർഗ്ഗമുള്ള കയറ്റുമതി ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു. അത്യാധുനിക കോൾഡ് ചെയിൻ സാങ്കേതികവിദ്യയും കണ്ടെയ്നർ സൗകര്യങ്ങളും ഉപയോഗിച്ചാണ് ദുബായിലേക്ക് മാമ്പഴങ്ങൾ എത്തിച്ചത്. ഇത് മാമ്പഴത്തിന്റെ ഗുണനിലവാരവും ഫ്രഷ്നസ്സും നിലനിർത്താൻ സഹായിച്ചു. കയറ്റുമതി ചെലവ് കുറഞ്ഞതോടെ ഉത്തർപ്രദേശിലെ മാമ്പഴ കർഷകർക്ക് മുൻപത്തേക്കാൾ ഉയർന്ന വരുമാനവും അന്താരാഷ്ട്ര വിപണിയിൽ മികച്ച വിലയും ലഭിക്കും. ആദ്യ ഘട്ടത്തിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയാണ് ദുബായിൽ ഈ മാമ്പഴങ്ങൾ വിറ്റഴിക്കുന്നത്. വിജയകരമായ ഈ നീക്കം വരുന്ന സീസണുകളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ ചെലവിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ വഴിയൊരുക്കും.
40 അടിയുള്ള ശീതീകരിച്ച കണ്ടെയ്നറിലാണ് മാമ്പഴം കയറ്റി അയച്ചത്. ഗൾഫ് മേഖലയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പിലേക്ക് (Lulu Group), അത്താഷി ഗ്ലോബലുമായി (Attashi Global) സഹകരിച്ച് അമ്രോഹയിലെ ഷെഹ്നാസ് എക്സ്പോർട്ട് (Shehnaz Export) ആണ് ഇത് അയച്ചത്. ICAR-CISH-ന്റെ സാങ്കേതിക മാർഗ്ഗനിർദ്ദേശത്തോടും അപഡയുടെ (APEDA) ലോജിസ്റ്റിക്സ് പിന്തുണയോടും കൂടിയാണ് കയറ്റുമതി നടത്തിയത്.
ജൂൺ 22-നാണ് മാമ്പഴങ്ങൾ വിളവെടുത്തത്. തുടർന്ന് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത പരിപാലന രീതികൾ ഉപയോഗിച്ച് ഇവ സംസ്കരിച്ചു. കയറ്റി അയക്കുന്നതിന് മുൻപായി, ICAR-CISH വികസിപ്പിച്ചെടുത്ത ‘മെറ്റ്‌വാഷ്’ (METWASH) എന്ന ഷെൽഫ്-ലൈഫ് വർദ്ധിപ്പിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് മാമ്പഴങ്ങൾ ശുദ്ധീകരിക്കുകയും ശാസ്ത്രീയമായി തരംതിരിക്കുകയും ചെയ്തു. അമ്രോഹ പാക്ക് ഹൗസിൽ വെച്ച് പാക്ക് ചെയ്ത ഇവ തടസ്സമില്ലാത്ത കോൾഡ് ചെയിൻ സൗകര്യത്തോടെയാണ് കൊണ്ടുപോയത്.
വിളവെടുപ്പ് മുതൽ വിപണി വരെയുള്ള 25 ദിവസത്തെ യാത്ര പൂർത്തിയാക്കി ജൂലൈ 17-ന് ചരക്ക് ദുബായിലെത്തി. യാത്രാസമയം നീണ്ടുപോയിട്ടും, ഏകദേശം 90 ശതമാനം മാമ്പഴങ്ങളും വിപണനത്തിന് അനുയോജ്യമായ നല്ല അവസ്ഥയിൽ തന്നെ എത്തിച്ചേർന്നു. ഇത് കടൽമാർഗ്ഗമുള്ള കയറ്റുമതി രീതികളുടെ കാര്യക്ഷമതയും വിജയവും തെളിയിക്കുന്നതാണ്.
ഇന്ത്യൻ പരമ്പരാഗത പഴവർഗ്ഗങ്ങൾക്ക് വിദേശ വിപണിയിൽ വലിയ ആവശ്യക്കാരാണുള്ളത്. കടൽമാർഗ്ഗമുള്ള ഇത്തരത്തിലുള്ള കയറ്റുമതി ശൃംഖല ശക്തമാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള കാർഷിക കയറ്റുമതിയിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
APEDA successfully exports 12.5 tons of UP’s Dashehari and Langra mangoes to Dubai via sea route, significantly lowering freight costs for farmers.
