ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ 2005-നും 2016-നും ഇടയിൽ നിർമ്മിച്ച ബി.എസ്-3 വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. എങ്കിലും, ഈ മാറ്റങ്ങൾ വാഹനങ്ങളുടെ പതിവ് സർവീസ് സമയത്ത് എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തേ‍‍ഡ് സ്റ്റേജ് പൊല്യൂഷൻ കൺട്രോൾ നിയമപ്രകാരമുള്ള വാഹനങ്ങളാണ് BS-3  അഥവാ Bharat Stage III വാഹനങ്ങൾ. 2017-ൽ ഇത്തരം വാഹനങ്ങൾ പുതിയതായി വിൽക്കുന്നത് സുപ്രീംകോടതി തടഞ്ഞിട്ടുള്ളതാണ്. ബി.എസ്-3 വാഹനങ്ങൾ ഒഴികെയുള്ള മറ്റ് പഴയ വാഹനങ്ങളുടെ എഞ്ചിനുകളിൽ വലിയതോതിലുള്ള മാറ്റങ്ങളോ കേടുപാടുകളോ ഉണ്ടാകുന്നില്ലെന്ന് ഈ പഠനങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുകയോ അസാധാരണമായ തേയ്മാനത്തിന് കാരണമാകുകയോ ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങളുടെ ഡ്രൈവിംഗ് ശീലങ്ങൾ, കൃത്യമായ അറ്റകുറ്റപ്പണികൾ, ടയർ പ്രഷർ തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഇന്ധനക്ഷമത വ്യത്യാസപ്പെടുന്നത്. ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്ത ഈ പഠന റിപ്പോർട്ട് പ്രകാരം, മെറ്റൽ, പ്ലാസ്റ്റിക് ഘടകങ്ങളുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്നങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Using E20 fuel in BS3 vehicles manufactured between 2005 and 2016 may require replacing rubber parts and gaskets during routine servicing, Union Minister Nitin Gadkari informed Parliament

Share.
Leave A Reply

Exit mobile version