കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് ഫണ്ടിന്റെ (EDF) പിന്തുണ ലഭിച്ച സ്റ്റാർട്ടപ്പുകളും കമ്പനികളും ചേർന്ന് ഇതുവരെ 22,553.82 കോടി രൂപ സമാഹരിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കി. സെബിയിൽ രജിസ്റ്റർ ചെയ്ത എട്ട് ഡോട്ടർ ഫണ്ടുകളിലായി ഇഡിഎഫ് 257.77 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും, ഈ ഫണ്ടുകൾ ഇലക്ട്രോണിക്സ്, ഐടി മേഖലകളിലെ 128 സ്റ്റാർട്ടപ്പുകളിലേക്ക് 1,335.77 കോടി രൂപ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ നിക്ഷേപങ്ങളിലൂടെ കമ്പനികൾ ആകെ 373 ബൗദ്ധിക സ്വത്തുക്കൾ സ്വന്തമാക്കുകയോ വികസിപ്പിച്ചെടുക്കുകയോ ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയും നവീന സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫണ്ട് ഓഫ് ഫണ്ട്സ് മാതൃകയിൽ ഈ പദ്ധതി പ്രവർത്തിക്കുന്നത്.

സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ, കർണാടകയ്ക്കാണ് ഇതിൽ ഏറ്റവും വലിയ വിഹിതം ലഭിച്ചിട്ടുള്ളത്. ബെംഗളൂരുവിലെയും ബെലഗാവിയിലെയും ഉൾപ്പെടെ 90 കമ്പനികൾക്കായി കർണാടകയിൽ 854.54 കോടി രൂപയുടെ നിക്ഷേപമെത്തി. തെലങ്കാനയിലെ ഹൈദരാബാദിൽ 7 കമ്പനികൾക്കായി 129.97 കോടി രൂപയും, മഹാരാഷ്ട്രയിലെ മുംബൈ, പുണെ എന്നിവിടങ്ങളിലായി 8 കമ്പനികൾക്ക് 142.48 കോടി രൂപയും ലഭിച്ചു. തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലേയും വിവിധ സ്റ്റാർട്ടപ്പുകൾക്ക് ഈ ഫണ്ടിന്റെ സഹായം ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ നിർമ്മാണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ‘സെമികോൺ 2.0’ പദ്ധതിയും പുതിയ മൊബൈൽ നിർമ്മാണ പദ്ധതിയും സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Startups supported by the Centre’s Electronics Development Fund have raised ₹22,553 crore. Union Minister Ashwini Vaishnaw shares breakdown of funding across states.
