കേരളത്തിലും പുറത്തുമായി ഉത്പാദന യൂണിറ്റുകളുള്ള സംരംഭങ്ങൾക്കും കമ്പനികൾക്കും ഇനി ‘കേരളാ ബ്രാൻഡ്’ ലഭിക്കും. നാടിന്റെ സ്വന്തം ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ തിളങ്ങാൻ വഴി തുറക്കുന്ന ‘കേരളാ ബ്രാൻഡ്’ പദ്ധതിയുടെ ഉപാധികൾ സംസ്ഥാന സർക്കാർ കൂടുതൽ ലളിതമാക്കി.
 


 സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ നിർദേശപ്രകാരം നിബന്ധനകൾ പരിഷ്കരിച്ച് വ്യവസായ വകുപ്പ് പുതിയ ഉത്തരവിറക്കി. കേരളത്തിലെ പ്ലാന്റിൽ നിർമിക്കുന്ന ഉത്പന്നങ്ങളിലെ പാക്കറ്റുകളിൽ മാത്രമേ ലോഗോ പതിപ്പിക്കാൻ അനുമതി ഉണ്ടാകൂ. അപേക്ഷയും അനുമതിയും താലൂക്ക് ലെവൽ കമ്മിറ്റിയാണ് നൽകുക.  

കേരളാ ബ്രാൻഡിങ്ങിന് നിലവിൽ  ബി.ഐ.എസ് (BIS) സർട്ടിഫിക്കേഷൻ അടക്കമുള്ള കർശന നിബന്ധനകൾ ഏർപ്പെടുത്തിയത്  ചെറുകിട-ഇടത്തരം സംരംഭകർക്ക്  വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ ഇളവുകൾ വ്യവസായ വകുപ്പ് പ്രഖ്യാപിച്ചത്.  

വെളിച്ചെണ്ണ, തേയില, കാപ്പി, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, ചെരുപ്പ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നീ 11 ആദ്യ ഘട്ട ഉത്പന്നങ്ങൾക്കാണ് നിബന്ധനകളിൽ പ്രധാന ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ലോകവിപണിയിൽ ‘മേഡ് ഇൻ കേരള’ (Made in Kerala) ഉത്പന്നങ്ങൾക്ക് പുതിയ സ്വീകാര്യത നൽകാനും, നമ്മുടെ നാടൻ സംരംഭങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും സർക്കാരിന്റെ ഈ പുതിയ ഇളവുകൾ വഴിയൊരുക്കും.


 ഒരു സ്ഥാപനത്തിന് ഒന്നിലധികം പ്ലാന്റുകളുണ്ടെങ്കിൽ, ഉദ്യം  രജിസ്‌ട്രേഷൻ അടിസ്ഥാനമാക്കി ഓരോ യൂണിറ്റിനും വെവ്വേറെ അപേക്ഷ സമർപ്പിക്കാം. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറുടെ  പരിശോധനയ്ക്ക് ശേഷം താലൂക്ക് ലെവൽ കമ്മിറ്റിയാണ്   അന്തിമ അനുമതി നൽകുന്നത്. അനുമതി ലഭിക്കുന്ന ഉത്പന്നങ്ങൾക്ക് രണ്ടു വർഷത്തേക്ക് ബ്രാൻഡ് മുദ്രണം ഉപയോഗിക്കാം. കാലാവധി പൂർത്തിയാകുന്നതിന് ഒരു മാസം മുൻപ് വീണ്ടും പുതുക്കലിനായി അപേക്ഷിക്കാം.

സാമൂഹിക പ്രതിബദ്ധത, ജൻഡർ പ്രാതിനിധ്യം, നിയമങ്ങൾ പാലിക്കൽ എന്നിവയൊക്കെ സംരംഭങ്ങൾക്ക് ബ്രാൻഡിങ്ങിന് നിര്ബന്ധമാണ്.  സ്ഥാപനങ്ങളിൽ ബാലവേല പൂർണ്ണമായും നിരോധിച്ചിരിക്കണം. അതിനൊപ്പം, തേയില, കാപ്പി യൂണിറ്റുകളിൽ കുറഞ്ഞത് 25 ശതമാനവും, മറ്റു ഉത്പാദന യൂണിറ്റുകളിൽ 10 ശതമാനവും സ്ത്രീ, ട്രാൻസ്ജെൻഡർ, ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും  ഉത്തരവിലുണ്ട് .


വെളിച്ചെണ്ണ ഉല്പാദന കമ്പനികൾക്ക് തേങ്ങ ഉണക്കി കൊപ്രയാക്കുന്നത് മുതൽ എണ്ണിയെടുത്ത് പായ്ക്ക് ചെയ്യുന്നത് വരെയുള്ള ഉത്പാദന പ്രക്രിയ പൂർണ്ണമായും കേരളത്തിലെ പ്ലാന്റിൽ തന്നെ നടക്കണം. കൊപ്ര മുഴുവനായും കേരളത്തിൽ നിന്ന് തന്നെ ശേഖരിച്ചതായിരിക്കണം. FSSAI-ക്ക് പുറമെ Agmark അല്ലെങ്കിൽ IS 542 ക്വാളിറ്റി സർട്ടിഫിക്കറ്റ് വേണം എന്നീ നിബന്ധനകൾ പാലിക്കേണ്ടി വരും.

തേയില, കാപ്പിപൊടി ഉല്പാദന യൂണിറ്റുകൾ ഉപയോഗിക്കുന്ന
അസംസ്‌കൃത വസ്തുക്കളുടെ (പച്ചില/കാപ്പിക്കുരു) 80 ശതമാനവും കേരളത്തിൽ നിന്നുള്ളതായിരിക്കണം.ബി.ഐ.എസ് സർട്ടിഫിക്കേഷൻ ഉടനടി ഇല്ലാത്തവർക്ക്, NABL അല്ലെങ്കിൽ ടീ/കോഫി ബോർഡ് അംഗീകൃത ലാബ് റിപ്പോർട്ട് സമർപ്പിച്ച് താൽക്കാലികമായി ബ്രാൻഡിങ് നേടാം. ഇവർ 6 മാസത്തിലൊരിക്കൽ ലാബ് റിപ്പോർട്ട് സമർപ്പിക്കുകയും  2 വർഷത്തിനകം ബി.ഐ.എസ് നേടുകയും വേണം.

നെയ്യ് ഉല്പാദന യൂണിറ്റുകൾക്ക് Agmark അല്ലെങ്കിൽ IS 16326 സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
പാൽ, ക്രീം, ബട്ടർ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ 60 ശതമാനവും കേരളത്തിൽ ഉത്പാദിപ്പിച്ചതായിരിക്കണം.  
 
കുപ്പിവെള്ളം നിർമാണ കമ്പനികളുടെ ജലസ്രോതസ്സ് നിർബന്ധമായും കേരളത്തിലായിരിക്കണം. പ്ലൈവുഡ്, ചെരുപ്പ്, പി.വി.സി പൈപ്പ്, കാലിത്തീറ്റ നിർമ്മാണ പ്ലാന്റുകൾ കേരളത്തിലായിരിക്കണം എന്ന നിബന്ധനയുണ്ടെങ്കിലും അസംസ്‌കൃത വസ്തുക്കൾ പൂർണ്ണമായും കേരളത്തിൽ നിന്നുള്ളതാകണമെന്നില്ല.  

Companies and enterprises with manufacturing units both within and outside Kerala can now obtain the “Kerala Brand” certification.
The Government of Kerala has further simplified the eligibility criteria for the “Kerala Brand” scheme, an initiative aimed at helping products originating from the state gain stronger recognition and competitiveness in global markets.

Share.
Leave A Reply

Exit mobile version