രാജ്യത്തുടനീളം 40 മുതൽ 50 വരെ പുതിയ ജനറൽ ആശുപത്രികൾ നിർമ്മിക്കാനുള്ള വിപുലമായ പദ്ധതിയുമായി ടാറ്റ ട്രസ്റ്റ്സ് രംഗത്തെത്തി. ഐ.ഐ.എം ബാംഗ്ലൂരിന്റെ വാർഷിക അലുംനി ലീഡർഷിപ്പ് കോൺക്ലേവിൽ സംസാരിക്കവെ ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയാണ് ഇന്ത്യയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പുതിയ റോഡ്‌മാപ്പ് പ്രഖ്യാപിച്ചത്. അസം സർക്കാരുമായി ചേർന്ന് 17 കാൻസർ ആശുപത്രികൾ സ്ഥാപിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ, സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.

എൻജിഒകൾക്കും വികസന പദ്ധതികൾക്കും ധനസഹായം നൽകുന്നതിനപ്പുറം തലമുറകളോളം സേവനം നൽകുന്ന വലിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ആരോഗ്യമേഖലയ്ക്ക് പുറമെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകനിലവാരത്തിലുള്ള കൂടുതൽ സ്ഥാപനങ്ങളും സർവ്വകലാശാലകളും സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
Tata Trusts Chairman Noel Tata announces plans to build 40 to 50 general hospitals across India to provide affordable, world-class healthcare to the public