ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശയാത്രികരിൽ ഒരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, യുഎസ് എയർ വാർ കോളേജിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നേതൃത്വ പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിൽ. ഐഎസ്ആർഒ-വ്യോമസേനാ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചെന്നൈയിൽ ജനിച്ച് നാഷണൽ ഡിഫൻസ് അക്കാദമി വഴി വ്യോമസേനയിലെത്തിയ അദ്ദേഹം, നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള യുദ്ധവിമാന പൈലറ്റാണ്. 2003 ജൂണിൽ വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം, സുഖോയ്-30 എം.കെ.ഐ അടക്കമുള്ള വിവിധ വിമാനങ്ങൾ പറത്തി ഏകദേശം 2,900 മണിക്കൂറിലധികം ഫ്ലയിംഗ് പരിചയമുള്ള വ്യക്തിയാണ്.
ഫ്ലയിംഗ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമായും സേവനമനുഷ്ഠിച്ചിട്ടുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ വെല്ലിംഗ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് വ്യോമസേന ഓഫീസർമാരിൽ ഒരാളായ അദ്ദേഹത്തിന്റെ ഈ പരിശീലനം രാജ്യത്തിന്റെ പ്രതിരോധ-ബഹിരാകാശ മേഖലകൾക്ക് വലിയ മുതൽക്കൂട്ടാകും.
Gaganyaan astronaut Group Captain Ajit Krishnan travels to the US for a year-long strategic leadership training program at the US Air War College