സംസ്ഥാനങ്ങളുടെ സാമ്പത്തിക നില ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ വിഹിതമായി കേരളത്തിന് അധികമായി ലഭിക്കുക 1,956 കോടിരൂപ. വികസന പദ്ധതികൾക്കും മൂലധന ചെലവുകൾക്കും കൂടുതൽ സാമ്പത്തിക പിന്തുണ നൽകുന്നതിനാണ് മുൻകൂർ ഗഡുവായി ഈ തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി തുടരുന്ന കേരളത്തിന് ഏറെ സഹായകമാകും ഈ തുക. അധിക നികുതി വിഹിതത്തിൽ ഏറ്റവും വലിയ പങ്ക് ലഭിച്ചത് ഉത്തർപ്രദേശിനാണ്, 18,227 കോടി രൂപ. ആകെ 1.09 ലക്ഷം കോടി രൂപയുടെ അധിക നികുതി വിഹിതം സംസ്ഥാനങ്ങൾക്ക് ഇക്കുറി മുൻകൂർ ഗഡുവായി അനുവദിച്ചു.

സംസ്ഥാനങ്ങൾക്ക് ലഭിച്ച ഈ തുക സാധാരണ പ്രതിമാസ നികുതി വിഹിതത്തിന് പുറമേയുള്ള അധിക ഗഡുവാണ്. വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ പ്രവർത്തനങ്ങൾ, മൂലധന ചെലവുകൾ എന്നിവയ്ക്ക് കൂടുതൽ സാമ്പത്തിക പിന്തുണ നൽകുകയാണ് ലക്ഷ്യം.
കർണാടകയ്ക്ക് 4,504 കോടി , തമിഴ്നാടിന് 4,466 കോടി എന്നിങ്ങനെ അനുവദിച്ചപ്പോൾ കേരളത്തിന് 1,956 കോടി രൂപയാണ് ലഭിക്കുക.അധികാരമേറ്റു രണ്ടു മാസം കഴിഞ്ഞതോടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികളെക്കൊരുങ്ങുകയാണ് യു ഡി എഫ് സർക്കാർ .
അധിക നികുതി വിഹിതത്തിൽ രണ്ടാം സ്ഥാനം 10,219 കോടി ലഭിച്ച ബീഹാർ ആണ്. മധ്യപ്രദേശിന് 7,976 കോടി, പശ്ചിമ ബംഗാളിന് 7,644 കോടി, മഹാരാഷ്ട്രയ്ക്ക് 6,418 കോടി എന്നിങ്ങനെയാണ് പിന്നാലെ ലഭിച്ചത്. രാജസ്ഥാനിന് 6,460 കോടിയും, ഒഡീഷയ്ക്ക് 4,819 കോടിയും, ആന്ധ്രാപ്രദേശിന് 4,597 കോടിയും ലഭിച്ചു.
സംസ്ഥാനങ്ങളുടെ നിശ്ചിത നികുതി പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് തുക വിതരണം ചെയ്യുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച ഈ അധിക തുക സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ പണലഭ്യത ഉറപ്പാക്കാനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായകരമാകും. സംസ്ഥാനങ്ങളുടെ സാമ്പത്തിക സമ്മർദം കുറയ്ക്കാനും രാജ്യത്തെ പൊതുനിക്ഷേപ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് നൽകാനുമുള്ള നീക്കമായാണ് വിലയിരുത്തുന്നത്.
The Central Government has released an additional tax devolution installment of ₹1,956 crore to Kerala to boost development projects and capital expenditure.