മെറ്റാ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും (CSAM) വ്യാജ നിർമ്മിതബുദ്ധി ദൃശ്യങ്ങൾ (Deepfakes) പ്രചരിച്ചതിലും ഉണ്ടായ മറ്റ് വീഴ്ചകളിലും ഇന്ത്യൻ സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്. സർക്കാർ വൃത്തങ്ങളുമായി നടത്തിയ ചർച്ചകൾക്കിടയിലാണ് സക്കർബർഗ് തങ്ങളുടെ പ്ലാറ്റ്ഫോമുകളിലുണ്ടായ ഈ ഗുരുതര വീഴ്ചകളിൽ ഖേദം പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡീപ്ഫെയ്ക് വീഡിയോകൾ പ്രചരിച്ചതും, തുടർന്ന് അദ്ദേഹത്തിന്റെ ഒരു റീൽ (Reel) അബദ്ധത്തിൽ പ്ലാറ്റ്ഫോമിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്യപ്പെട്ടതും ഉൾപ്പെടെയുള്ള സാങ്കേതിക വീഴ്ചകളിൽ സക്കർബർഗ് പ്രത്യേകമായി ക്ഷമാപണം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ഇത്തരം സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ നിരീക്ഷണം കർശനമാക്കുമെന്നും കേന്ദ്ര സർക്കാരുമായി ചേർന്ന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും മെറ്റാ അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ കണ്ടന്റ് മോഡറേഷനിൽ (ഉള്ളടക്ക നിരീക്ഷണം) തെറ്റുകൾ സംഭവിച്ചതായും, ദോഷകരമായ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ ഖേദിക്കുന്നതായും ഗവൺമെന്റ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് മെറ്റാ സമ്മതിച്ചു. പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം, ഉള്ളടക്കങ്ങളുടെ വർഗ്ഗീകരണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.
മെറ്റായുടെ ‘സേഫ് ഹാർബർ’ സംരക്ഷണത്തെ ചോദ്യം ചെയ്ത് കേന്ദ്രം
ഇൻഫർമേഷൻ ടെക്നോളജി (IT) ആക്ട് പ്രകാരം മധ്യവർത്തികൾക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണത്തിന് (‘സേഫ് ഹാർബർ’) മെറ്റായ്ക്ക് അർഹതയില്ലെന്ന് നേരത്തെ യോഗത്തിൽ സർക്കാർ പ്രതിനിധികൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
എന്താണ് ‘സേഫ് ഹാർബർ’ സംരക്ഷണം?
ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി (IT) ആക്ട്, 2000 ലെ സെക്ഷൻ 79 പ്രകാരം ഇൻ്റർനെറ്റ് മധ്യവർത്തികൾക്ക് (Intermediaries) നൽകിയിട്ടുള്ള നിയമപരമായ സുരക്ഷാ കവചമാണ് ‘സേഫ് ഹാർബർ’. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെയോ അപകീർത്തികരമായ പരാമർശങ്ങളുടെയോ പൂർണ്ണ നിയമപരമായ ഉത്തരവാദിത്തം സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ ചുമത്താനാകില്ല.ഗവൺമെന്റോ കോടതിയോ അനധികൃതമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാൽ നിശ്ചിത സമയത്തിനകം (36 മണിക്കൂർ) അത് നീക്കം ചെയ്യാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഇത് പാലിക്കുന്നിടത്തോളം ഉപയോക്താക്കളുടെ പോസ്റ്റുകളുടെ പേരിൽ കമ്പനിക്കെതിരെ നേരിട്ട് കേസ് എടുക്കാൻ കഴിയില്ല.
സേഫ് ഹാർബർ സംരക്ഷണം നഷ്ടപ്പെട്ടാൽ മെറ്റായ്ക്ക് എന്ത് സംഭവിക്കും?
മെറ്റായ്ക്ക് സെക്ഷൻ 79 പ്രകാരമുള്ള ഈ നിയമപരിരക്ഷ നഷ്ടപ്പെട്ടാൽ വലിയ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. നേരിട്ടുള്ള കേസും എഫ്.ഐ.ആറുമുണ്ടാകും. ഉപയോക്താക്കൾ പങ്കുവെക്കുന്ന വ്യാജ വാർത്തകൾ, അപകീർത്തികരമായ പ്രസ്താവനകൾ, ഹേറ്റ് സ്പീച്ച് (Hate Speech) എന്നിവയ്ക്ക് മെറ്റാ ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യാനും ക്രിമിനൽ നടപടികൾ സ്വീകരിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാധിക്കും. കേവലം ഒരു മധ്യവർത്തി എന്നതിലുപരി ഒരു പ്രസാധകനായി (Publisher) മെറ്റാ കണക്കാക്കപ്പെടും. അതായത്, പ്ലാറ്റ്ഫോമിൽ വരുന്ന ഓരോ ഉള്ളടക്കത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കേണ്ടി വരും. കണ്ടന്റുകൾ നീക്കം ചെയ്യാൻ ഓർഡർ കാത്തുനിൽക്കുന്നതിന് പകരം, പ്ലാറ്റ്ഫോമിലെ തെറ്റായ വിവരങ്ങൾക്കും പ്രകോപനപരമായ പോസ്റ്റുകൾക്കും കമ്പനി നേരിട്ട് കോടതിയിൽ പ്രതിരോധം തീർക്കേണ്ടി വരും.
വിവാദം എന്താണ്?
പരീക്ഷ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച സെൽഫി വീഡിയോ ജൂലൈയിൽ ഫേസ്ബുക്ക് അഞ്ച് മണിക്കൂറോളം നീക്കം ചെയ്തിരുന്നു. ‘സാങ്കേതിക തകരാർ’ മൂലം സംഭവിച്ചതാണെന്ന് മെറ്റാ വിശദീകരണം നൽകിയെങ്കിലും ഈ മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയവും പാർലമെന്ററി പാനലും വ്യക്തമാക്കി.
രാജ്യത്തെ പ്രധാനമന്ത്രിയുടെ വീഡിയോ വരെ നീക്കം ചെയ്തത് ഗൗരവമുള്ള വിഷയമാണെന്നും സക്കർബർഗ് നേരിട്ട് മാപ്പ് പറഞ്ഞില്ലെങ്കിൽ കമ്പനിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് പാർലമെന്ററി സമിതിയുടെ നിലപാട്.
മെറ്റായുടെ ബിസിനസ്സ് രീതികളെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടായി. ചില പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനായി വൻ തുക ചെലവഴിച്ചിട്ടുണ്ടെന്ന് കമ്പനി സമ്മതിക്കുകയും ആ തീരുമാനങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
ദോഷകരമായ ഉള്ളടക്കങ്ങൾ തടയുന്നതിൽ മെറ്റായുടെ ഉത്തരവാദിത്തം, പ്ലാറ്റ്ഫോം അക്കൗണ്ടബിലിറ്റി, ഇന്ത്യയുടെ നിയമങ്ങൾ പാലിക്കൽ എന്നിവയിലൂന്നിയായിരുന്നു രണ്ട് ദിവസം നീണ്ടുനിന്ന ഈ കൂടിയാലോചനകൾ.
Meta CEO Mark Zuckerberg apologizes to the Indian government over CSAM, deepfakes, and PM Modi’s video removal, facing threats to Meta’s Safe Harbour status.
