ലോകത്തിലെ രണ്ടാമത്തെ ഹൈഡ്രജൻ ശേഷിയുള്ള ക്രൂയിസ് കപ്പൽ പുറത്തിറക്കി ഇറ്റാലിയൻ കപ്പൽനിർമാണ കമ്പനിയായ ഫിൻകാന്റിയേരി. ക്രൂയിസ് ഓപ്പറേറ്ററായ വൈക്കിംഗിനായി നിർമിച്ച ‘വൈക്കിംഗ് ആസ്ട്രിയ’ (Viking Astrea) ഇറ്റലിയിലെ അങ്കോണയിലുള്ള കപ്പൽശാലയിലാണ് നീറ്റിലിറക്കിയത്. ദ്രവീകൃത ഹൈഡ്രജനും ഫ്യൂവൽ സെല്ലുകളും സംയോജിപ്പിച്ച നൂതന പ്രൊപ്പൽഷൻ സംവിധാനമാണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഫിൻകാന്റിയേരിയുടെ അനുബന്ധ സ്ഥാപനമായ ഐസോട്ട ഫ്രാസ്ചിനി മോട്ടോറി (Isotta Fraschini Motori) വികസിപ്പിച്ച് വിതരണം ചെയ്യുന്ന ഈ സംവിധാനത്തിന് 6 മെഗാവാട്ട് (MW) വരെ പവർ ഔട്ട്പുട്ട് നൽകാൻ സാധിക്കും. 2027 മെയ് മാസത്തിൽ കൈമാറാൻ നിശ്ചയിച്ചിരിക്കുന്ന വൈക്കിംഗ് ആസ്ട്രിയ, മെഡിറ്ററേനിയൻ, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ റൂട്ടുകളിലാണ് ആദ്യ സർവീസുകൾ ആരംഭിക്കുന്നത്.
ഈ വർഷം മാർച്ചിൽ വൈക്കിംഗ് പുറത്തിറക്കിയ ‘വൈക്കിംഗ് ലിബ്ര’ (Viking Libra) എന്ന കപ്പലിന് പിന്നാലെയാണ് വൈക്കിംഗ് ആസ്ട്രിയ എത്തുന്നത്. സീറോ-എമിഷൻ പ്രവർത്തന ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ-പവർ ക്രൂയിസ് കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈക്കിംഗ് ലിബ്ര, 2026 നവംബറിൽ കൈമാറുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
Italian shipbuilder Fincantieri launches Viking Astrea, the world’s second hydrogen-powered cruise ship, featuring advanced fuel cell propulsion.
