ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് പുതിയ Primacy 5 പ്രീമിയം ടയറുകൾ പുറത്തിറക്കി ഫ്രഞ്ച് വാഹന ഘടക നിർമ്മാതാക്കളായ മിഷലിൻ (Michelin). കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ പാസഞ്ചർ കാർ ടയറുകൾ കൂടിയാണിത്. സെഡാനുകൾക്കും എസ്യുവികൾക്കും അനുയോജ്യമായ രീതിയിലാണ് ഈ പ്രീമിയം ടയറുകൾ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഓഗസ്റ്റിൽ പുറത്തിറക്കിയ ഈ മോഡലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മിഷലിന്റെ ചെന്നൈ പ്ലാന്റിൽ പൂർണ്ണമായും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ വെഹിക്കിൾ ടയർ കൂടിയാണിത്. വലുപ്പത്തിന് അനുസരിച്ച് ഏകദേശം 10,000 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.
പെട്രോൾ/ഡീസൽ വാഹനങ്ങൾക്കും (ICE), ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾക്കും ഈ ടയറുകൾ ഒരുപോലെ അനുയോജ്യമാണ്. മികച്ച സുരക്ഷ, ഈട്, സുഖകരമായ യാത്രാനുഭവം എന്നിവയ്ക്കൊപ്പം മികച്ച ഇന്ധനക്ഷമതയും ഇവ ഉറപ്പുനൽകുന്നു. സുപ്രധാനമായ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പ്രാദേശിക ഉത്പാദനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രിമസി 5 ടയറുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മുൻഗാമിയായ ‘പ്രൈമസി 4ST’ യെ അപേക്ഷിച്ച് റോളിംഗ് റെസിസ്റ്റൻസിൽ 6.5% മെച്ചപ്പടുത്തൽ വരുത്തിയിട്ടുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഡ്രൈവിംഗ് റേഞ്ച് വർദ്ധിപ്പിക്കാൻ സഹായിക്കും.16 ഇഞ്ച് മുതൽ 22 ഇഞ്ച് വരെയുള്ള റിം സൈസുകളിൽ ഈ ടയറുകൾ ലഭ്യമാണ്.
Michelin releases Primacy 5 tyres made at its Chennai plant for sedans and SUVs, offering improved rolling resistance for EVs, hybrids, and ICE cars.
