ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന ഡിസൈൻ തന്ത്രങ്ങളായ ‘ഡാർക്ക് പാറ്റേണുകൾ’ (Dark Patterns) ഉപയോഗിച്ചതിന് ഇൻഡിഗോ, സെപ്റ്റോ, ഫിസിക്സ് വാല, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ ഒൻപത് പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) പിഴ ചുമത്തി. ഉപഭോക്തൃ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഇത്തരം ഡിജിറ്റൽ വ്യാപാര രീതികൾ തടയുന്നതിനായി സർക്കാർ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഫോൾസ് അർജൻസി, ബാസ്കറ്റ് സ്നീകിംഗ്, സബ്സ്ക്രിപ്ഷൻ ട്രാപ്പുകൾ തുടങ്ങിയ 13 തരം വഞ്ചനാപരമായ ഡിസൈനുകളാണ് 2023ലെ ചട്ടങ്ങൾ പ്രകാരം നിരോധിച്ചിരിക്കുന്നത്.

തുടക്കത്തിൽ കുറഞ്ഞ വില കാണിച്ച ശേഷം അവസാന ഘട്ടത്തിൽ ഹാൻഡ്ലിംഗ് ചാർജുകളും അംഗത്വ ഫീസും ഈടാക്കിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സെപ്റ്റോയ്ക്ക് 7 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഇത് ‘ഡ്രിപ്പ് പ്രൈസിംഗ്’, ‘ബാസ്കറ്റ് സ്നീകിംഗ്’ എന്നിവയുടെ പരിധിയിൽ വരുമെന്ന് സി.സി.പി.എ കണ്ടെത്തി. സമാനമായി, ഫിസിക്സ് വാലയുടെ ആപ്പിൽ കോഴ്സുകൾക്കായി 10 രൂപ ഓട്ടോമാറ്റിക്കായി സെലക്റ്റ് ചെയ്തു വെച്ചതിനും, സൗജന്യ കോഴ്സുകൾക്ക് വ്യക്തിഗത വിവരങ്ങൾ നിർബന്ധമാക്കിയതിനും 5 ലക്ഷം രൂപയും പിഴ ഈടാക്കി. ഈ പ്ലാറ്റ്ഫോമുകളെല്ലാം പിന്നീട് ഇത്തരം വഞ്ചനാപരമായ രീതികൾ ഒഴിവാക്കുകയും പിഴയൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇൻഡിഗോയുടെ മൊബൈൽ ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കളെ കുറ്റക്കാരായി ചിത്രീകരിക്കുന്ന ‘കൺഫേം ഷെയ്മിംഗ്’ രീതിക്കെതിരെയും നടപടിയുണ്ടായി. തുടർന്ന് എയർലൈൻ ഇത് മാറ്റിസ്ഥാപിക്കുകയായിരുന്നു. ബുക്ക് മൈ ഷോ, ഫസ്റ്റ് ക്രൈ (2 ലക്ഷം രൂപ), ഫാർമ ഈസി (1 ലക്ഷം രൂപ), സ്പൈസ് ജെറ്റ് (1 ലക്ഷം രൂപ) തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകൾക്കാണ് നിയമലംഘനത്തിന് പിഴ ലഭിച്ചത്. ഈ നടപടികളിലൂടെ ആകെ 20 ലക്ഷത്തോളം രൂപയാണ് ഇതുവരെ പിഴയായി ഈടാക്കിയിട്ടുള്ളത്.
CCPA imposes fines on 9 digital platforms, including Zepto, IndiGo, and Physics Wallah, for misleading consumers using dark patterns.
