ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റി ബ്രാൻഡായി ഒന്നാം സ്ഥാനത്ത് എത്തിയതായി ക്രോൾ (Kroll) ഫിനാൻഷ്യൽ അഡ്വൈസറി സ്ഥാപനത്തിന്റെ റിപ്പോർട്ട്. 177.9 മില്യൺ ഡോളർ ബ്രാൻഡ് മൂല്യത്തോടെയാണ് ഷാരൂഖ് ഖാൻ ഈ നേട്ടം കൈവരിച്ചത്. 2024ൽ മൂന്നാം സ്ഥാനത്തായിരുന്ന താരം, പരസ്യങ്ങളിൽ നിന്നുള്ള ബ്രാൻഡ് എൻഡോഴ്സ്മെന്റുകളുടെ എണ്ണം 28ൽ നിന്ന് 36 ആയി ഉയർത്തിയതോടെയാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഒരു പരസ്യത്തിന് 10 കോടി രൂപ പ്രതിഫലം വാങ്ങുന്ന താരത്തിന്റെ പരസ്യങ്ങളിലെ ഈ കുതിച്ചുചാട്ടം സിനിമയ്ക്ക് അപ്പുറമുള്ള അദ്ദേഹത്തിന്റെ വാണിജ്യ വിജയമാണ് വ്യക്തമാക്കുന്നത്.

ഈ പട്ടികയിൽ 162.9 മില്യൺ ഡോളർ ബ്രാൻഡ് മൂല്യവുമായി രൺവീർ സിംഗ് രണ്ടാം സ്ഥാനത്തും, 158.4 മില്യൺ ഡോളർ മൂല്യത്തോടെ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തുമാണ്. സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി എന്നിവർ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. ആലിയ ഭട്ട്, ദീപിക പദുക്കോൺ എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ച വനിതാ താരങ്ങൾ. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സ്വാധീനവും സോഷ്യൽ മീഡിയ ഇടപെടലുകളുമാണ് പുതിയ കാലത്ത് സെലിബ്രിറ്റി ബ്രാൻഡുകളുടെ മൂല്യം നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Shah Rukh Khan tops Kroll’s India Celebrity Brand Valuation report with a $177.9 million brand value, surpassing Ranveer Singh and Virat Kohli.
