കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങൾക്കുള്ളിൽ കടം ഇനത്തിൽ 1.93 ലക്ഷം കോടി രൂപ തിരിച്ചടച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. ബോറോയിംഗ് ഏജൻസികൾക്കും ധനമന്ത്രാലയത്തിനുമായി പലിശയും മുതലും അടക്കമാണ് റെയിൽവേ ഈ തുക അടച്ചുതീർത്തത്. ഇതിൽ 2021-22 സാമ്പത്തിക വർഷം മുതൽ പലിശയിനത്തിൽ മാത്രം 93,000 കോടി രൂപയും മുതലിലേക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയും നൽകിയിട്ടുണ്ട്.
കോവിഡ് സമയത്ത് ധനമന്ത്രാലയത്തിൽ നിന്ന് എടുത്ത 79,000 കോടി രൂപയുടെ പ്രത്യേക വായ്പയും തിരിച്ചടച്ച തുകയിൽ ഉൾപ്പെടുന്നു. കേന്ദ ബജറ്റിൽ നിന്നുള്ള സാമ്പത്തിക സഹായം ഉയർന്നതോടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിപണിയിൽ നിന്ന് വായ്പയെടുക്കുന്നത് റെയിൽവേ ഒഴിവാക്കിയിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനും കോച്ചുകളുടെയും എഞ്ചിനുകളുടെയും നിർമ്മാണത്തിനുമായി ബജറ്റിൽ ലഭിച്ച തുക കാര്യക്ഷമമായി വിനിയോഗിച്ചതായി മന്ത്രി വ്യക്തമാക്കി. കോവിഡ് ഉണ്ടാക്കിയ തിരിച്ചടികൾക്കിടയിലും കടബാധ്യതകൾ കൃത്യമായി തീർപ്പാക്കാനും റെയിൽവേയുടെ സാമ്പത്തിക നില സുസ്ഥിരമാക്കാനും സാധിച്ചതായി കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
