രാജ്യത്തുടനീളം 100 അത്യാധുനിക വ്യവസായ പാർക്കുകൾ യാഥാർത്ഥ്യമാക്കുന്ന ‘ഭാരത് ഔദ്യോഗിക് വികാസ് യോജന’ (BHAVYA) പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ ആദ്യ റൗണ്ടിൽ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമയി 87 അപേക്ഷകൾ ലഭിച്ചതായി കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. ജൂലൈ 31ന് അവസാനിച്ച ആദ്യ റൗണ്ടിൽ 14 നിർദ്ദേശങ്ങളുമായി മഹാരാഷ്ട്രയാണ് മുന്നിൽ. മധ്യപ്രദേശ് (11), ഉത്തർപ്രദേശ് (7), തമിഴ്നാട് (7), ആന്ധ്രാപ്രദേശ് (6), ഗുജറാത്ത് (6) എന്നീ സംസ്ഥാനങ്ങളും വലിയ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.

ആകെ 33,660 കോടി രൂപ വകയിരുത്തിയിട്ടുള്ള ഈ കേന്ദ്ര പദ്ധതിയിലൂടെ ആറ് വർഷത്തിനുള്ളിൽ 100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ 50 പദ്ധതികൾക്ക് തുടക്കമിടും. ആദ്യ റൗണ്ടിൽ ലഭിച്ച നിർദ്ദേശങ്ങളിൽ നിന്ന് അനുയോജ്യമായ 20 അപേക്ഷകളായിരിക്കും തെരഞ്ഞെടുക്കുക. പദ്ധതിയുടെ രണ്ടാം റൗണ്ടിലേക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 1 മുതൽ സ്വീകരിച്ചു തുടങ്ങി, സെപ്റ്റംബർ 30 വരെ അപേക്ഷ നൽകാം.
നിക്ഷേപകർക്ക് എളുപ്പത്തിൽ വ്യവസായങ്ങൾ ആരംഭിക്കാൻ തക്കവണ്ണം ലോകോത്തര സൗകര്യങ്ങളുള്ള ഇൻഫ്രാസ്ട്രക്ചർ ഒരുക്കുകയാണ് ‘ഭവ്യ’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി പ്രദേശത്തിന്റെ കണക്റ്റിവിറ്റി, സ്ഥലത്തിന്റെ അനുയോജ്യത, അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം, വ്യാവസായിക ആവാസവ്യവസ്ഥ എന്നിവ പരിശോധിച്ചായിരിക്കും പാർക്കുകൾ അനുവദിക്കുന്നത്. 2026-27 സാമ്പത്തിക വർഷം മുതൽ 2031-32 വരെ നീളുന്ന പദ്ധതിയിലൂടെ നിർമ്മാണ മേഖലയിലും അനുബന്ധ മേഖലകളിലുമായി ഏകദേശം 15 ലക്ഷത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
സാധാരണ സംസ്ഥാനങ്ങളിൽ ചുരുങ്ങിയത് 100 ഏക്കറും, മലയോര സംസ്ഥാനങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കുറഞ്ഞത് 25 ഏക്കറുമാണ് പാർക്കുകൾക്കായി വേണ്ട ഭൂമി. 2026 മാർച്ചിനാണ് കേന്ദ്ര കാബിനറ്റ് ഭവ്യ പദ്ധതിക്ക് അംഗീകാരം നൽകിയത്. തെരഞ്ഞെടുക്കപ്പെടുന്ന പാർക്കുകൾക്ക് ഏക്കറിന് 1 കോടി രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. ഭൂഗർഭ ഉപയോഗ ശൃംഖലകൾ, മലിനജല സംസ്കരണ പ്ലാന്റുകൾ, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ, ഏകജാലക ഡിജിറ്റൽ അനുമതി കേന്ദ്രങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന അത്യാധുനിക സജ്ജീകരണങ്ങളാണ് ഈ പാർക്കുകളിൽ ഒരുക്കുന്നത്.
India’s BHAVYA scheme receives 87 proposals in its first round to establish 100 plug-and-play industrial parks with a Rs 33,660 crore outlay.
