അടുത്ത അഞ്ചോ ആറോ വർഷത്തിനുള്ളിൽ കുറഞ്ഞത് 300 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ ലക്ഷ്യമിടുന്നതായി ചെയർമാൻ വി. നാരായണൻ അറിയിച്ചു. 2035ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ അൺമാൻഡ് പതിപ്പ് ഈ വർഷാവസാനത്തോടെ വിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈയ്ക്കടുത്തുള്ള ഗ്രേറ്റ് ലേക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് വരാനിരിക്കുന്ന ചെറിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന്റെ (SLC) നടത്തിപ്പും പ്രവർത്തനവും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ISRO plans to launch 300 satellites in six years and build India’s own space station by 2035. Unmanned Gaganyaan mission launch scheduled for year-end