ഇന്ത്യയിലെ തീരദേശ ഷിപ്പിംഗ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് ആസ്ഥാനമായുള്ള ആഗോള ലോജിസ്റ്റിക്സ് ഭീമനായ ഡി.പി വേൾഡ് ‘ഡി.പി വേൾഡ് ഇൻഡസ്’ (DP World Indus) എന്ന പുതിയ കപ്പൽ സ്വന്തമാക്കി. തങ്ങളുടെ മറൈൻ സർവീസസ് വിഭാഗമായ ഷിപ്പിംഗ് സൊല്യൂഷൻസ് വഴി കപ്പൽ ഏറ്റെടുത്തതായി കമ്പനി പ്രഖ്യാപിച്ചു. റോഡ് ഗതാഗതത്തിലെ സമ്മർദ്ദം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ സപ്ലൈ ചെയിൻ ഉറപ്പാക്കാനും 2,500-ലധികം ടി.ഇ.യു ശേഷിയുള്ള ഈ കപ്പൽ ഏറെ സഹായിക്കും. ഇതിന് പുറമെ, ട്രാൻസ്‌വേൾഡ് ഷിപ്പിംഗ് ലൈൻസിന്റെ ഉടമസ്ഥതയിലുള്ള ‘എസ്.എസ്.എൽ ബ്രഹ്മപുത്ര’ (SSL Brahmaputra) എന്ന 4,250 TEU ശേഷിയുള്ള ഏറ്റവും വലിയ കപ്പൽ 1.14 കോടി ഡോളറിന് ഡി.പി വേൾഡിന്റെ നിയന്ത്രണത്തിലുള്ള അവാന ലോജിസ്റ്റിക്കിന് (Avana Logistek) വിൽക്കാനും ധാരണയായിട്ടുണ്ട്.
എസ്.എസ്.എൽ കൃഷ്ണ, എസ്.എസ്.എൽ ഗോദാവരി, എസ്.എസ്.എൽ ഗുജറാത്ത്, എസ്.എസ്.എൽ ഭാരത്, എസ്.എസ്.എൽ മുംബൈ, എസ്.എസ്.എൽ താമിരഭരണി തുടങ്ങിയ കപ്പലുകളുടെ വിൽപ്പനയ്ക്ക് പിന്നാലെയാണ് ഈ പുതിയ നടപടിയും വരുന്നത്. നിലവിൽ ഇന്ത്യയിലെ 14 തുറമുഖങ്ങളിൽ സർവീസ് നടത്തുന്ന ഡി.പി വേൾഡിന്റെ കോസ്റ്റൽ നെറ്റ്‌വർക്കിന് കീഴിൽ ഇപ്പോൾ 10 കപ്പലുകളുടെ പ്രത്യേക ഫ്ലീറ്റാണുള്ളത്. ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക്സ് മേഖലയിലും കൂടുതൽ നിക്ഷേപം നടത്തി രാജ്യത്തിന്റെ ആഭ്യന്തര വ്യാപാരം വളർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ തീരദേശ ഷിപ്പിംഗ് മേഖല രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സപ്ലൈ ചെയിൻ കാര്യക്ഷമതയ്ക്കും വലിയ അവസരങ്ങളാണ് നൽകുന്നതെന്ന് കമ്പനിയുടെ ഗ്ലോബൽ സിഒഒ ഗണേഷ് രാജ് വ്യക്തമാക്കി.
DP World strengthens its Indian coastal shipping network with the acquisition of DP World Indus and the agreement to acquire 4,250 TEU SSL Brahmaputra
