ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തേക്ക് മലയാളിയെത്തുമോ ? ചർച്ചകൾ സജീവമാണിപ്പോൾ. തലപ്പത്തേക്കു ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ടി.വി.നരേന്ദ്രനാണ് നിയോഗിക്കപ്പെടാൻ സാധ്യത എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്.
ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളെ നയിക്കുന്ന ‘ഹോൾഡിങ് കമ്പനി’യായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവച്ച എൻ. ചന്ദ്രശേഖരന്റെ പകരക്കാരനു വേണ്ടി ടാറ്റാ സൺസ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ആർട്ടിക്കിൾ 118 പ്രകാരം ഒരു സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചുവേണം കണ്ടെത്തേണ്ടത്.
ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയ്ക്ക് ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ നിലവിലെ ചട്ടപ്രകാരം കഴിയില്ല. അതുകൊണ്ട്, മറ്റൊരാളെതന്നെ കണ്ടെത്തുകയെന്ന ദൗത്യമാണ് ഇപ്പോൾ ടാറ്റാ സൺസിന് മുന്നിലുള്ളത്. നേരത്തേ രത്തൻ ടാറ്റ ടാറ്റാ ട്രസ്റ്റ്സ് ചെയർമാനായിരിക്കേതന്നെ ടാറ്റാ സൺസിന്റെയും ചെയർമാൻ പദവി വഹിച്ചിരുന്നു 2022ൽ ടാറ്റാ സൺസ് ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇതുപ്രകാരം ഇരുപദവികളും ഒരേസമയം വഹിക്കാനാവില്ല.
ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ടി.വി.നരേന്ദ്രന്റെ പേരും അവസാന വട്ട സാധ്യതാ ലിസ്റ്റിൽ മുന്നിലുണ്ട്. 1980കൾ മുതൽ ടാറ്റാ ഗ്രൂപ്പിലെ നിർണായക സാന്നിധ്യമാണ് മലയാളി കൂടിയായ ടി.വി.നരേന്ദ്രൻ. ടാറ്റാ സ്റ്റീലിന്റെയും ടാറ്റാ ഇന്റർനാഷനലിന്റെയും ഡയറക്ടറും ടാറ്റാ സ്റ്റീൽ യൂറോപ്പ് ചെയർമാനുമാണ് അദ്ദേഹം.
എറണാകുളം ജില്ലയിലെ ചേന്ദമംഗലമാണ് സ്വതന്ത്ര കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കൊച്ചുമകൻ കൂടിയായ നരേന്ദ്രന്റെ സ്വദേശം..
പാനൽ നിർദേശിക്കുന്ന വ്യക്തിയെ ചെയർമാനായി നിയമിക്കാൻ ആർട്ടിക്കിൾ 121 പ്രകാരം ടാറ്റാ സൺസ് ബോർഡിന് കഴിയും. 5 അംഗങ്ങളാണ് പാനലിൽ ഉണ്ടാകേണ്ടത്. ഇതിൽ 3 പേരെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ചേർന്ന് നിർദേശിക്കും. ഒരാളെ ടാറ്റ സൺസ് ബോർഡും. ഒരാൾ ടാറ്റ സൺസ് ബോർഡ് നിർദേശിക്കുന്ന സ്വതന്ത്ര അംഗവുമായിരിക്കും. പാനലിന്റെ ചെയർപേഴ്സണെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ചേർന്ന് നിർദേശിക്കുന്ന 3 അംഗങ്ങളിൽ നിന്ന് കണ്ടെത്തും.
ചെയർമാൻ സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്ന മറ്റൊരാൾ ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്രയാണ്. 1995 മുതൽ ടാറ്റാ ഗ്രൂപ്പിൽ ശൈലേഷ് ചന്ദ്രയുണ്ട്. എയർ ഇന്ത്യ നേരിടുന്ന പ്രവർത്തന പ്രതിസന്ധി , ടിസിഎസ് നേരിടുന്ന ഓഹരിവില ചാഞ്ചാട്ടം തുടങ്ങിയവയടക്കം നിരവധി വിഷയങ്ങളാണ് പുതിയ ചെയർമാനെ കാത്തിരിക്കുന്നത്.
Reports suggest that T.V. Narendran, Managing Director and CEO of Tata Steel, is among the leading candidates to be appointed Chairman of Tata Sons.Under the existing rules, Tata Trusts Chairman Noel Tata cannot simultaneously take over as Chairman of Tata Sons. Therefore, Tata Sons will have to identify another candidate for the position. T.V. Narendran’s name is reportedly among the frontrunners on the final shortlist.
