ഇന്ത്യയുടെ അത്യാധുനിക മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പ്രോഗ്രാമിനായി യുദ്ധവിമാന എൻജിനുകൾ സംയുക്തമായി വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടീഷ് ഏറോസ്പേസ് ഭീമനായ റോൾസ്-റോയ്സും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഡിസൈൻ, വികസനം, നിർമ്മാണം, പരീക്ഷണം, സുരക്ഷാ പിന്തുണ എന്നിവയുൾപ്പെടെയുള്ള എൻജിൻ മൂല്യശൃംഖലയുടെ എല്ലാ മേഖലകളിലും കഴിവുകൾ വളർത്തുന്നതിനായി ഇന്ത്യയിൽ ഒരു ഏറോസ്പേസ് ഗ്യാസ് ടർബൈൻ കോംപ്ലക്സ് സ്ഥാപിക്കാൻ ഇരു കമ്പനികളും ആലോചിക്കുന്നുണ്ട്.

അത്യാധുനിക പ്രൊപ്പൽഷൻ സാങ്കേതികവിദ്യയിലെ റോൾസ്-റോയ്സിന്റെ ആഗോള വൈദഗ്ധ്യവും റിലയൻസിന്റെ സാങ്കേതിക-നിർമ്മാണ ശേഷിയും ഈ സംരംഭത്തിലൂടെ ഒന്നിക്കും. എയറോസ്പേസ് പ്രൊപ്പൽഷൻ മേഖലയിലേക്കുള്ള റിലയൻസിന്റെ നിർണ്ണായകമായ ഒരു കടന്നുകയറ്റമാണിത്. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയിൽ ഒരു തദ്ദേശീയ എയറോ-എൻജിൻ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും രാജ്യത്തെ ഈ രംഗത്ത് ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കാനും ലക്ഷ്യമിടുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി വ്യക്തമാക്കി. പ്രതിരോധ, സിവിൽ ഏറോസ്പേസ് മേഖലകളിൽ കൂടുതൽ വിശാലമായ സഹകരണത്തിന് ഈ സംരംഭം വഴിയൊരുക്കുമെന്ന് റോൾസ്-റോയ്സ് സിഇഒ തുഫാൻ എർജിൻബിൽജിക് പറഞ്ഞു.
Reliance Industries and Rolls-Royce announce a strategic partnership to jointly design, develop, and manufacture fighter jet engines for India’s AMCA program