നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ തന്റെ രണ്ടാമത്തെ സ്പേസ് വാക്ക് വിജയകരമായി പൂർത്തിയാക്കി. ആശയവിനിമയ സംവിധാനങ്ങൾക്കായുള്ള സ്പേസ്-ടു-ഗ്രൗണ്ട് ആന്റിന മാറ്റുന്നതിനായുള്ള ഈ ദൗത്യത്തിൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സഞ്ചാരിയായ സോഫി അഡോണട്ടും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. അനിൽ മേനോന്റെ രണ്ടാമത്തെ സ്പേസ് വാക്കാണിത്. സോഫി അഡോണത്താകട്ടെ തന്റെ ആദ്യ സ്പേസ് വാക്കാണ് ഈ ദൗത്യത്തിലൂടെ പൂർത്തിയാക്കിയത്. നിലയത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനും സുഗമമായ പ്രവർത്തനങ്ങൾക്കും ഇത്തരം ബഹിരാകാശ നടത്തങ്ങൾ ഏറെ നിർണായകമാണ്.
അതേസമയം, ബഹിരാകാശ നിലയത്തിൽ വെച്ച് പുതിയ പച്ചക്കറികൾ വിളവെടുത്ത് പാചകം ചെയ്തുകൊണ്ടുള്ള മറ്റൊരു നേട്ടവും അനിൽ മേനോൻ പങ്കുവെച്ചു. നാസയുടെ ദീർഘകാല ബഹിരാകാശ ഗവേഷണങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒരു മാസത്തോളം വളർത്തിയെടുത്ത കേലും (Kale) വസാബി മസ്റ്റാർഡുമാണ് അദ്ദേഹം സഹയാത്രിക ജെസിക്ക മീറുമായി ചേർന്ന് വിളവെടുത്തത്.
ബഹിരാകാശത്ത് സ്വന്തമായി ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനുള്ള ഈ പരീക്ഷണം ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദീർഘദൂര ദൗത്യങ്ങൾക്ക് ഏറെ സഹായകമാകും. ബഹിരാകാശ സഞ്ചാരികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനൊപ്പം, ഭൂമിയിൽ നിന്നുള്ള ഭക്ഷണത്തിന്റെ ഭാരം കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് നാസ വ്യക്തമാക്കുന്നു
NASA astronaut Anil Menon successfully completes his second spacewalk at the ISS alongside Sophie Adenot and harvests space-grown kale and wasabi mustard
