ഇത്തവണത്തെ COSPAR വിക്രം സാരാഭായ് മെഡൽ നേട്ടത്തോടെ ശ്രദ്ധേയയാകുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിൻറെ ഡയറക്‌ടറായ പ്രൊഫസർ അന്നപൂർണി സുബ്രഹ്മണ്യം. ജ്യോതിശാസ്ത്രത്തിലും ബഹിരാകാശ അധിഷ്ഠിത ജ്യോതിശാസ്ത്രത്തിലും നൽകിയ സംഭാവനകളെ മാനിച്ചായിരുന്നു പുരസ്‌ക്കാരം. ഓഗസ്റ്റ് ആദ്യം ഇറ്റലിയിലെ ഫ്ലോറൻസിൽ നടന്ന 46-ാമത് COSPAR ജനറൽ അസംബ്ലിയിലാണ് അവാർഡ് സമ്മാനിച്ചത്.

Annapurni Subramaniam COSPAR Vikram Sarabhai Medal

നക്ഷത്ര ജനസംഖ്യയെയും നീല ഭ്രമണ നക്ഷത്രങ്ങളെയും കുറിച്ചുള്ള പഠനം, ആസ്ട്രോസാറ്റിൻറെ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പുമായുള്ള (UVIT) പ്രവർത്തനം, ഭാവി ജ്യോതിശാസ്ത്ര ദൗത്യങ്ങൾ, അടുത്ത തലമുറ ദൂരദർശിനികൾ, HDSR-മായി ബന്ധപ്പെട്ട ശാസ്ത്രീയ പരിപാടികൾ എന്നിവയിലെ നേതൃത്വവും പങ്കാളിത്തവുമാണ് അന്നപൂർണി സുബ്രഹ്മണ്യത്തെ പുരസ്‌കാരത്തിന് അർഹയാക്കിയത്. മെഡൽ നേടുന്ന ഇന്ത്യയിൽ നിന്നുള്ള നാലാമത്തെ വ്യക്തിയും, ആദ്യ വനിതാ ശാസ്ത്രജ്ഞയുമാണ് അന്നപൂർണി സുബ്രഹ്മണ്യം.

മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന ശാസ്ത്ര മേഖലയിലെ പ്രവർത്തന പരിചയമുള്ള പ്രൊഫ. അന്നപൂർണി, 2019-ലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ ഡയറക്ടറാകുന്ന ആദ്യ വനിതയായത്. ഇന്ത്യയുടെ ആദ്യ മൾട്ടി-വേവ് ലെങ്ത് ബഹിരാകാശ നിരീക്ഷണകേന്ദ്രമായ ‘ആസ്ട്രോസാറ്റിന്റെ’ (AstroSat) പ്രധാന ഘടകമായ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പിന്റെ (UVIT) കാലിബ്രേഷൻ ശാസ്ത്രജ്ഞയായി ഇവർ പ്രവർത്തിച്ചിട്ടുണ്ട്. നക്ഷത്രക്കൂട്ടങ്ങൾ, ഗാലക്സികൾ, സ്റ്റെല്ലാർ പോപ്പുലേഷൻ എന്നിവയെക്കുറിച്ച് 175-ലധികം ഗവേഷണ പ്രബന്ധങ്ങൾ ഇവർ പ്രസിദ്ധീകരിക്കുകയും 15-ലധികം പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ആസ്ട്രോസാറ്റിൽ നിന്നുള്ള അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ വികസിപ്പിക്കുന്ന പുതിയ തലമുറ സ്പേസ് ടെലിസ്കോപ്പായ ‘ഇൻസിസ്റ്റ്’ (INSIST) പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ കൂടിയാണ് അവർ. കൂടാതെ അന്താരാഷ്ട്ര തലത്തിലുള്ള ‘തേർട്ടി മീറ്റർ ടെലിസ്കോപ്പ്’ (TMT) പദ്ധതിയിലും ഇവർ സജീവ പങ്കാളിയാണ്. ബഹിരാകാശ ശാസ്ത്ര സാങ്കേതികവിദ്യയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് 2024-ൽ കേന്ദ്ര സർക്കാർ രാജ്യത്തെ പ്രഥമ ‘രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരം’ (വിജ്ഞാൻ ശ്രീ) നൽകി ഇവരെ ആദരിച്ചിരുന്നു. അന്നപൂർണി സുബ്രഹ്മണ്യത്തിന് ലഭിച്ച വിക്രം സാരാഭായ് മെഡൽ വ്യക്തിപരമായ നേട്ടത്തിനപ്പുറം ഇന്ത്യൻ ആസ്ട്രോണമി രംഗത്തിന്റെ നാഴികക്കല്ലാണ്.

ഇന്ത്യയിൽ ബഹിരാകാശ ഗവേഷണത്തിന് തുടക്കമിടുകയും ആണവോർജ്ജം വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്‌ത ഭൗതികശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയുടെ സ്മരണാർത്ഥം വികസ്വര രാജ്യങ്ങളിൽ ബഹിരാകാശ ഗവേഷണത്തിന് മികച്ച സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞർക്ക് നൽകുന്ന പുരസ്‌കാരമാണിത്. 

Prof. Annapurni Subramaniam, Director of IIA, becomes the first Indian woman to win the prestigious COSPAR Vikram Sarabhai Medal for astrophysics contributions

Share.
Leave A Reply

Exit mobile version