ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി, പ്രമുഖ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും വ്യാജ വെബ്സൈറ്റുകളും ആപ്പുകളും നിർമ്മിക്കാൻ ഉപയോഗിച്ച നിരവധി ഫയർബേസ് (Firebase) അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. റിവാർഡ് പോയിന്റ് ഓഫറുകളും ക്രെഡിറ്റ് കാർഡ് ലിമിറ്റ് അപ്ഗ്രേഡുകളും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ ആൻഡ്രോയിഡ് ആപ്പുകളും ഫിഷിംഗ് പേജുകളും കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) ആണ് ഗൂഗിളിന് ഇതുസംബന്ധിച്ച നോട്ടീസ് അയച്ചത്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്ക് എന്നിവയുടെ പേരിൽ പ്രവർത്തിച്ചിരുന്ന വ്യാജ വെബ്സൈറ്റുകൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒ.ടി.പികളും ചോർത്താൻ ലക്ഷ്യമിട്ടുള്ള ഡാറ്റാബേസുകളാണ് ഇതിലൂടെ പ്രവർത്തിപ്പിച്ചിരുന്നത്. സർക്കാരിന്റെ നിർദ്ദേശത്തോട് പ്രതികരിച്ച ഗൂഗിൾ, സാമ്പത്തിക തട്ടിപ്പുകൾക്കും ഫിഷിംഗിനുമെതിരെ കർശന നയങ്ങളാണ് ഉള്ളതെന്നും സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്ത് സൈബർ തട്ടിപ്പുകളിലൂടെ 52,000 കോടി രൂപയിലധികം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
The Indian Cyber Crime Coordination Centre (I4C) under MHA directs Google to remove phishing sites and fake Firebase accounts posing as SBI, ICICI, and Axis Bank
