ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (NCLT) സുഭാഷ് ചന്ദ്രയുടെ കടം തീർപ്പാക്കൽ പദ്ധതി അംഗീകരിച്ചതിന് പിന്നാലെ പരിഹാസവുമായി വ്യവസായി വിജയ് മല്യ. സീ ഗ്രൂപ്പ് സ്ഥാപകനായ സുഭാഷ് ചന്ദ്രയ്ക്ക് ബാങ്കുകൾക്ക് നൽകാനുള്ള 22,006 കോടി രൂപയുടെ കടത്തിൽ നിന്ന് വെറും 6.5 കോടി രൂപ നൽകി ഒഴിവാകാൻ NCLT അനുമതി നൽകിയിരുന്നു. ഇതിനെയാണ് പരിഹാസരൂപേണ അഭിനന്ദിച്ച് മല്യ രംഗത്തെത്തിയിരിക്കുന്നത്.

ഇത് വായ്പ നൽകിയ ബാങ്കുകൾക്ക് 99.97 ശതമാനത്തോളം തുക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. തന്റെ കാര്യത്തിൽ 6,203 കോടി രൂപയുടെ കടത്തിന് പകരമായി 14,100 കോടി രൂപ തിരിച്ചുപിടിച്ചതായി ബാങ്കുകളും സർക്കാരും സമ്മതിച്ചിട്ടുണ്ടെന്ന് മല്യ അവകാശപ്പെട്ടു. പല വായ്പക്കാരും ഇത്തരത്തിൽ ചെറിയ തുക നൽകി കടങ്ങൾ തീർപ്പാക്കിയിട്ടുണ്ടെന്നും, ഇതിനെയാണ് ‘ഇന്ത്യൻ ഡെപ്ത് റെസല്യൂഷൻ ജസ്റ്റിസ്’ എന്ന് വിളിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത ഇൻസോൾവൻസി നടപടികളിൽ കടം തീർപ്പാക്കൽ പദ്ധതി അംഗീകരിച്ച NCLT ഉത്തരവിനെതിരെ അപ്പീൽ പോകാൻ എച്ച്.ഡി.എഫ്.സി ബാങ്ക് ഒരുങ്ങുന്നു. സുഭാഷ് ചന്ദ്രയുടെ ആസ്തികളിൽ നിന്ന് തങ്ങളുടെ മൊത്തം ക്ലെയിമിന്റെ 3.2 ശതമാനം മാത്രമാണ് ഈ ഉത്തരവ് പ്രകാരം തിരിച്ചുപിടിക്കാൻ കഴിയുകയെന്നും, ഈ പ്ലാനിനെതിരെ വോട്ട് ചെയ്ത ബാങ്ക് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ (NCLAT) സമീപിക്കാൻ ആലോചിക്കുകയാണെന്നും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് വ്യക്തമാക്കി.
താൻ വ്യക്തിപരമായി വായ്പകളൊന്നും എടുത്തിട്ടില്ലെന്നും എസ്സെൽ, സീ ഗ്രൂപ്പ് കമ്പനികൾ എടുത്ത വായ്പകൾക്ക് വ്യക്തിഗത ഗ്യാരന്റി നൽകുക മാത്രമാണ് ചെയ്തതെന്നും സുഭാഷ് ചന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത കമ്പനികൾ എടുത്ത വായ്പകളിൽ വലിയൊരു ഭാഗം ഇതിനകം തിരിച്ചടച്ചിട്ടുണ്ടെന്നും, തന്റെ ആസ്തികളിൽ നിന്ന് നൽകാൻ കഴിയുന്ന തുകയാണ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ 80 ശതമാനത്തിലധികം വായ്പക്കാരുടെ പിന്തുണയോടെയാണ് പദ്ധതി അംഗീകരിക്കപ്പെട്ടതെങ്കിലും, എച്ച്.ഡി.എഫ്.സി ബാങ്ക് ഉൾപ്പെടെയുള്ള പ്രമുഖ ലെൻഡർമാർ ഇതിനെതിരെ എതിർപ്പുമായി രംഗത്തുണ്ട്.
Vijay Mallya mocks the NCLT order permitting Subhash Chandra to settle ₹22,006 crore debt for ₹6.5 crore (99.97% haircut), as HDFC Bank prepares to appeal in NCLAT.
