ഈ വർഷത്തെ ബ്രിക്സ് (BRICS) അധ്യക്ഷപദവി ഇന്ത്യ വഹിക്കുന്ന വേളയിൽ, സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന 18ആമത് ഉച്ചകോടിക്ക് മുന്നോടിയായി സുപ്രധാന മേഖലകളിൽ ചരിത്രപരമായ ഇരുപതോളം പദ്ധതികൾക്കാണ് ഇന്ത്യ രൂപം നൽകിയിരിക്കുന്നത്. വെറുമൊരു ചർച്ചാ വേദിയെന്ന നിലയിൽ നിന്ന് പ്രായോഗികമായ കൂട്ടായ്മകളിലേക്ക് ബ്രിക്സിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന ചുവടുവെപ്പുകൾ.
ഇതിന്റെ ഭാഗമായി അംഗരാജ്യങ്ങളിലെ യുവ സംരംഭകരെ സഹായിക്കുന്നതിനായി ‘ബ്രിക്സ് സ്റ്റാർട്ടപ് ഇന്നൊവേഷൻ ഫണ്ടും’ ഇൻക്യുബേറ്റർ നെറ്റ്വർക്കും ഉച്ചകോടിയിൽ പ്രഖ്യാപിക്കും. കർഷകരുടെ ഉയർച്ച ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കാർഷിക ശൃംഖലയും കാർഷിക-പാരിസ്ഥിതിക മികവു കേന്ദ്രങ്ങളും സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ആരോഗ്യ മേഖലയിൽ മാനസികാരോഗ്യ ഗവേഷണത്തിനായി ഇന്ത്യയുടെ നിംഹാൻസിന് (NIMHANS) കേന്ദ്രസ്ഥാനം നൽകിക്കൊണ്ട് പ്രത്യേക ശൃംഖലയും രൂപീകരിക്കുന്നുണ്ട്.
വ്യവസായ, ഊർജ്ജ, സാമ്പത്തിക മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് ഗ്രിഡുകൾ, ഊർജ്ജ സംഭരണം, ചെറുകിട സംരംഭങ്ങൾക്കായുള്ള എം.എസ്.എം.ഇ പോർട്ടൽ എന്നിവയും യാഥാർത്ഥ്യമാക്കുന്നു. ആഗോള വിതരണ ശൃംഖല സുഗമമാക്കുന്നതിനുള്ള ലോജിസ്റ്റിക്സ് ഫ്രെയിംവർക്കും സുസ്ഥിര വ്യോമയാന ഇന്ധന ഫോറവും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ നൈപുണ്യ വികസനത്തിനായി ‘ബ്രിക്സ് കണക്ട്’ (BRICS CONNECT) എന്ന പുതിയ തൊഴിൽ ശൃംഖലയും നിലവിൽ വരുന്നുണ്ട്. നയതന്ത്ര തലത്തിലും സുരക്ഷാ രംഗത്തും വലിയ മുന്നേറ്റങ്ങളാണ് ഇന്ത്യയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ളത്. ഭീകരവാദ പ്രതിരോധത്തിനൊപ്പം മയക്കുമരുന്ന് കടത്തലുകൾ തടയുന്നതിനായി ഗുവാഹത്തി പ്രഖ്യാപനത്തിന് രൂപം നൽകിയിട്ടുണ്ട്. കുറ്റവാളികളെ പിടികൂടുന്നതിനും നാടുകടത്തുന്നതിനും സഹായിക്കുന്ന നിയമപാലകരുടെ നെറ്റ്വർക്കും ആസ്തി വീണ്ടെടുക്കാനുള്ള വിദഗ്ധ സമിതിയും പ്രവർത്തനമാരംഭിക്കാൻ തയ്യാറെടുക്കുകയാണ്.
സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രിക്സ് അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും നേതാക്കൾ പങ്കെടുക്കും. ആഗോള ജനസംഖ്യയുടെ 49 ശതമാനവും ആഗോള ജി.ഡി.പിയുടെ 40 ശതമാനവും പ്രതിനിധീകരിക്കുന്ന ഈ കൂട്ടായ്മയെ കൂടുതൽ ശക്തവും ഫലപ്രദവുമാക്കുകയാണ് ഇന്ത്യയുടെ ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് സാമ്പത്തിക വളർച്ച, കാലാവസ്ഥാ പ്രതിരോധം, സാങ്കേതികവിദ്യ, സുസ്ഥിര വികസനം എന്നീ രംഗങ്ങളിൽ പുതിയൊരു മാതൃക സൃഷ്ടിക്കാൻ ഈ പദ്ധതികൾ വഴിയൊരുക്കും.
India, as BRICS chair, unveils over 20 strategic initiatives for the 18th summit in Delhi, focusing on startup innovation funds, AI digital agriculture, and security networks.
