ഒഡീഷയിലെ കേന്ദ്രപാറയിൽ വൻകിട കപ്പൽ നിർമ്മാണ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനായി ‘നാഷണൽ ഷിപ്പ് ബിൽഡിങ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് ഒഡീഷ ലിമിറ്റഡിന്’ (NSHIPOL) കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഷിപ്പ് ബിൽഡിംഗ് ഡെവലപ്മെന്റ് പദ്ധതി പ്രകാരമാണ് 24,700 കോടി രൂപയുടെ ഈ വമ്പൻ പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്.

പാരദ്വീപിന് സമീപം മഹാനദിയുടെ തീരത്ത് വരാനിരിക്കുന്ന ഈ പദ്ധതിയിലൂടെ കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി, അനുബന്ധ ഘനവ്യവസായങ്ങൾ എന്നിവയ്ക്കായുള്ള ആധുനിക ആവാസവ്യവസ്ഥയാണ് ഒഡീഷയിൽ ഒരുങ്ങുന്നത്. ഒഡീഷ മാരിടൈം ബോർഡും പാരദ്വീപ് പോർട്ട് അതോറിറ്റിയും ചേർന്ന് രൂപീകരിക്കുന്ന പ്രത്യേക സംരംഭത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വർഷംതോറും ഏകദേശം 1.2 മില്യൺ ഗ്രോസ് ടൺ ശേഷിയുള്ള വൻകിട കപ്പൽ നിർമ്മാണ ശാലകളും അനുബന്ധ യൂണിറ്റുകളും ഈ ക്ലസ്റ്ററിൽ ഉൾപ്പെടും. ഒഡീഷ്യയുടെ ചരിത്രപ്രസിദ്ധമായ സമുദ്ര പാരമ്പര്യത്തിന് പുതിയ ദിശാബോധം നൽകുന്നതിനൊപ്പം മേഖലയിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകരമാകും.
The Union Government grants in-principle approval for a ₹24,700 crore mega shipbuilding cluster led by NSHIPOL in Kendrapara, Odisha.
