ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയ ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’ (One Station One Product – OSOP) പദ്ധതിയിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ലഭിച്ചത് 162 കോടിയധികം രൂപയുടെ വിപണി. രാജ്യത്തുടനീളമുള്ള 2,000ത്തിലധികം റെയിൽവേ സ്റ്റേഷനുകളിലായി നിലവിൽ 2,300ലധികം ഔട്ട്ലെറ്റുകളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. 2022 മാർച്ച് 25ന് ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 1.54 ലക്ഷത്തിലധികം കരകൗശല വിദഗ്ധരും നെയ്ത്തുകാരും ചെറുകിട ഉത്പാദകരുമാണ് പ്രയോജനം നേടിയിട്ടുള്ളത്.

പ്രാദേശിക ഉൽപ്പന്നങ്ങളെ യാത്രക്കാരുമായി ബന്ധിപ്പിക്കുന്ന ഈ സംരംഭത്തിലൂടെ ഇതുവരെ 162.39 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബീഹാറിലെ മധുബാനി പെയിന്റിംഗുകൾ, തമിഴ്നാട്ടിലെ കാഞ്ചീപുരം സിൽക്ക്, അസമിലെ ഗമോസ, കർണാടകയിലെ ചന്നപത്ന കളിപ്പാട്ടങ്ങൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഉൽപ്പന്നങ്ങൾ റെയിൽവേ സ്റ്റേഷനുകൾ വഴി ജനങ്ങളിലേക്ക് എത്തുന്നു. ചെറുകിട ഉത്പാദകർക്ക് എളുപ്പത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 15 ദിവസത്തേക്ക് 500 മുതൽ 1,000 രൂപ വരെ മാത്രമാണ് നാമമാത്രമായ രജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നത്. ഡിജിറ്റൽ പെയ്മെന്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Indian Railways’ ‘One Station One Product’ (OSOP) scheme generates ₹162.39 crore in sales, empowering over 1.54 lakh local artisans across 2,000+ stations
