രാജ്യത്തെ പ്രാദേശിക വ്യോമയാന രംഗത്ത് വൻ മുന്നേറ്റവുമായി മലയാളി സംരംഭകൻ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ91 (Fly91) എയർലൈൻസ്. ഫ്രഞ്ച്-ഇറ്റാലിയൻ വിമാന നിർമ്മാതാക്കളായ എടിആറുമായി (ATR) ചേർന്ന് 40 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി 9,400 കോടി രൂപയുടെ വമ്പൻ കരാറിലാണ് കമ്പനി ഒപ്പുവെച്ചിരിക്കുന്നത്. ഒരു പ്രാദേശിക എയർലൈൻ ലോകത്ത് നടത്തുന്ന ഏറ്റവും വലിയ എടിആർ ഓർഡറാണിത്.

പുതിയ വിമാനങ്ങൾ എത്തുന്നതിന് മുൻപായി 6 മുതൽ 8 വരെ വിമാനങ്ങൾ കമ്പനി ലീസിനെടുക്കുകയും ചെയ്യും. ദേശീയ ഐക്കണായി മാറിയ യുദ്ധവിമാന പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ഫ്ലൈ91 ൽ പൈലറ്റായി ചേർന്നതോടെ എയർലൈൻ അടുത്തിടെ വ്യോമയാന മേഖലയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വമ്പൻ കരാറിലൂടെ കമ്പനി വീണ്ടും ശ്രദ്ധ നേടുന്നത്. 2024ന്റെ തുടക്കത്തിൽ പ്രവർത്തനം ആരംഭിച്ച ഫ്ലൈ91 നിലവിൽ 12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 280 സർവീസുകൾ നടത്തിവരുന്നു. മഹാരാഷ്ട്രയിലെ പൂനെ, സിന്ധുദുർഗ്, സോളാപൂർ, ലക്ഷദ്വീപിലെ അഗത്തി, കർണാടകയിലെ ഹുബ്ബള്ളി, ആന്ധ്രാപ്രദേശിലെ തിരുപ്പതി തുടങ്ങിയ നഗരങ്ങളെ ബെംഗളൂരു, ഗോവ, കൊച്ചി, ഹൈദരാബാദ് എന്നിവയുമായി എയർലൈൻ ബന്ധിപ്പിക്കുന്നു.

തൃശൂരിൽ വേരുകളുള്ള മലയാളി സംരംഭകൻ മനോജ് ചാക്കോയാണ് ഫ്ലൈ91ന് പിന്നിൽ പ്രവർത്തിക്കുന്നത്. വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള അദ്ദേഹം കിങ്ഫിഷർ എയർലൈൻസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ടിയർ 2, ടിയർ 3 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരിന്റെ ‘ഉഡാൻ’ പദ്ധതിയുടെ കീഴിലാണ് എയർലൈൻ പ്രവർത്തിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് സാധാരണക്കാർക്കും എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന രീതിയിലാണ് ഫ്ലൈ91 വിഭാവനം ചെയ്തിരിക്കുന്നത്.

വളരെ സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് മനോജ് ചാക്കോ ഈ സംരംഭത്തിലേക്ക് എത്തിയത്. അധ്യാപകരായ മാതാപിതാക്കളുടെ മകനായി ജനിച്ച് വളർന്ന അദ്ദേഹം, തന്റെ 52ആം വയസ്സിലാണ് വ്യോമയാന രംഗത്ത് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. നിരവധി വെല്ലുവിളികൾ തരണം ചെയ്ത്, ഫ്ലൈ91 ഔദ്യോഗികമായി ആകാശത്തേക്ക് ചിറകടിച്ച് ഉയർന്നു. വിരമിച്ചു വിശ്രമിക്കേണ്ട പ്രായത്തിൽ പുതിയൊരു കരിയർ ആരംഭിച്ച അദ്ദേഹത്തിന്റെ യാത്ര വ്യോമയാന ലോകത്തിന് തന്നെ മാതൃകയാണ്.

ഫ്ലൈ91 എന്നത് സ്വന്തം കുടുംബത്തിന് വേണ്ടിയുള്ള ബിസിനസ്സ് മാത്രമല്ലെന്നാണ് മനോജ് ചാക്കോ വ്യക്തമാക്കുന്നത്. പകരം, തനിക്ക് ലഭിച്ച വ്യോമയാന അറിവുകൾ സമൂഹത്തിന് തിരികെ നൽകാനുള്ള വഴിയായാണ് അദ്ദേഹം ഇതിനെ കാണുന്നത്. അടുത്ത 50 വർഷത്തോളം രാജ്യത്തിന് തൊഴിലവസരങ്ങളും മികച്ച യാത്രാ സൗകര്യങ്ങളും നൽകാൻ പാകത്തിലുള്ള ദീർഘവീക്ഷണത്തോടെയാണ് ഈ കമ്പനി അദ്ദേഹം പടുത്തുയർത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ ‘+91’ എന്ന പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫ്ലൈ91 എന്ന് എയർലൈനിന് നാമകരണം ചെയ്തിരിക്കുന്നത്. അതിർത്തി പ്രദേശങ്ങൾ മുതൽ കടലോരങ്ങൾ വരെ ഇന്ത്യയെ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഈ എയർലൈൻസിന്റെ പ്രധാന ലക്ഷ്യം. സുസ്ഥിരമായ എടിആർ 72-600 വിമാനനിര ഉപയോഗിച്ച് സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ വിശ്വസനീയമായ യാത്രാനുഭവം നൽകിക്കൊണ്ട് ഫ്ലൈ91 ഇന്ത്യയുടെ വ്യോമയാന ഭൂപടത്തിൽ സ്വന്തം ഇടം അടയാളപ്പെടുത്തുകയാണ്.

Malayali entrepreneur Manoj Chacko’s Fly91 orders 40 new ATR aircraft worth ₹9,400 crore to boost regional connectivity across Tier 2 and Tier 3 Indian cities

Share.
Leave A Reply

Exit mobile version