ചെന്നൈയിലെ മറൈമലൈ നഗറിലുള്ള തങ്ങളുടെ നിർമ്മാണ കേന്ദ്രം ഏഷ്യ-പസഫിക് മേഖലയ്ക്കായുള്ള ഇലക്ട്രിക് വാഹന നിർമ്മാണ ഹബ്ബമാക്കി മാറ്റാൻ അമേരിക്കൻ വാഹന ഭീമനായ ഫോർഡ് മോട്ടോർ കമ്പനി പദ്ധതിയിടുന്നു. നിലവിലുള്ള പ്ലാന്റ് വികസിപ്പിച്ച് ഇവി അസംബ്ലിക്കൊപ്പം ബാറ്ററികൾ, സെല്ലുകൾ, മോട്ടോറുകൾ തുടങ്ങിയ നിർണായക ഘടകങ്ങളും ഇവിടെ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. മിതമായ നിരക്കിലുള്ള ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിച്ച് പ്രാദേശിക വിപണികൾക്കും കയറ്റുമതിക്കുമായി സജ്ജമാക്കുന്ന ഒരു സമഗ്ര ഇവി ഉൽപ്പാദന കേന്ദ്രമായി ചെന്നൈ പ്ലാന്റിനെ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2021ൽ ഇന്ത്യയിലെ വാഹന നിർമ്മാണം അവസാനിപ്പിച്ച ഫോർഡ്, കഴിഞ്ഞ വർഷം ഒക്ടോബറിൽ 3,250 കോടി രൂപ മുതൽമുടക്കിൽ കയറ്റുമതിക്കായി മാത്രം പവർട്രെയിൻ നിർമ്മാണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ പുതിയ നീക്കത്തിലൂടെ ചെന്നൈ പ്ലാന്റിനെ കൂടുതൽ വിപുലമായ ഇലക്ട്രിക് വാഹന നിർമ്മാണ അടിത്തറയായി വളർത്താനാണ് കമ്പനി ശ്രമിക്കുന്നത്. വ്യവസായ വിദഗ്ധരുടെ കണക്കുകൂട്ടലുകൾ പ്രകാരം ഈ സമഗ്ര ഇവി പദ്ധതിക്കായി 15,000 മുതൽ 20,000 കോടി രൂപ വരെ നിക്ഷേപം ആവശ്യമായി വന്നേക്കാമെങ്കിലും, ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി പൂർണ്ണമായി പുറത്തുവിട്ടിട്ടില്ല.
Ford plans to transform its Chennai Maraimalai Nagar plant into a major EV manufacturing hub to produce affordable electric vehicles for export across Asia-Pacific markets