കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 622 കിലോമീറ്റർ ദേശീയപാത 66 (NH 66) ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ഇടനാഴിയായി വികസിപ്പിക്കാൻ കേരളം തയ്യാറെടുക്കുന്നു. ഡൽഹിയിൽ നടന്ന ഇന്ത്യ ക്ലീൻ ട്രാൻസ്പോർട്ട് ഉച്ചകോടിയിൽ പുറത്തിറക്കിയ പഠന റിപ്പോർട്ട് പ്രകാരം, ഇതിനായി ആദ്യ ഘട്ടത്തിൽ 19 കോടി രൂപ ചെലവിൽ 12.5 മെഗാവാട്ട് ചാർജിംഗ് ശൃംഖല ആവശ്യമാണെന്ന് കണക്കാക്കുന്നു.

ചരക്കുഗതാഗതത്തിന്റെ വൈദ്യുതീകരണം സാധ്യമാക്കുന്നതിനൊപ്പം ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾക്കായി പവർ ഗ്രിഡിനെ സജ്ജമാക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും (KSEB) ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനും (ICCT) ചേർന്ന് നടത്തിയ ഈ പഠനത്തിൽ ഫാസ്ടാഗ് ഡാറ്റയും ട്രക്കുകളുടെ ജി.പി.എസ് വിവരങ്ങളും ഉപയോഗപ്പെടുത്തിയാണ് യാത്രാരീതികൾ വിശകലനം ചെയ്തത്.
കൊച്ചി, കോഴിക്കോട്, കൊല്ലം എന്നീ നഗരങ്ങൾ ഈ ഇടനാഴിയിലെ പ്രധാന ചാർജിംഗ് കേന്ദ്രങ്ങളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പി.എം ഇ-ഡ്രൈവ് (PM E-DRIVE) പദ്ധതി ഉൾപ്പെടെയുള്ള ഫണ്ടുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, വരും വർഷങ്ങളിൽ ഈ ചാർജിംഗ് ശൃംഖല ഘട്ടംഘട്ടമായി വിപുലീകരിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.
